ഉത്തരാഖണ്ഡിൽ ഭൂചലനം; പ്രഭവകേന്ദ്രം ജോഷിമഠിൽ നിന്ന് 109 കിലോമീറ്റർ അകലെ
ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളോജി. ഉത്തരകാശിയിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്ന് പുലർച്ചെ 2.12 നാണ് ഭൂചലനം. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് പ്രഭവ കേന്ദ്രം. അപകടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല.
ജോഷിമഠിൽ നിന്ന് 109 കിലോമീറ്റർ അകലെയാണ് ഭൂചലനം. ജോഷിമഠിൽ ഭൂമി ഇടിയലും മഴയും തീർത്ത പ്രതിസന്ധികൾക്ക് പിന്നാലെയാണ് നിലവിൽ സമീപപ്രദേശങ്ങളിൽ ഭൂമികുലുക്കവും സംഭവിച്ചിരിക്കുന്നത്. ജോഷിമഠ് ഭൗമപ്രതിഭാസത്തിൽ ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ എത്തിയിരുന്നു. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐഎസ്ആർഒയുടെ കണ്ടെത്തൽ.
ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബർ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തിയും വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
2022 ഏപ്രിലിനും നവംബറിനുമിടയിൽ ജോഷിമഠ് നഗരത്തിൽ 9 സെ.മി ഇടിവ് രേഖപ്പെടുത്തി. നഗര കേന്ദ്രം, സൈനിക ഹെലിപാഡ്, നർസിങ് മന്ദിർ എന്നിവിടങ്ങളിൽ ദ്രുതഗതിയിലുള്ള ഇടിച്ചിൽ ഉണ്ടാകുന്നുവെന്നും ഐഎസ്ആർഒയുടെ പഠനത്തിൽ പറയുന്നു.
അതേസമയം, മഴ മുന്നറിയിപ്പിന്റെ ഭീതിയിലാണ് ഭൗമപ്രതിഭാസം വൻ നാശം വിതച്ച ജോഷിമഠ്. കഴിഞ്ഞ രാത്രിയിൽ പ്രദേശത്ത് പല തവണ നേരിയ മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കെട്ടിടങ്ങളിൽ ഏറ്റ വിള്ളൽ വലുതായതാണ് ജനങ്ങളുടെ ആശങ്ക വർദ്ദധിപ്പിച്ചത്. വിള്ളൽ ഉണ്ടായ വീടുകളിൽ നിന്നും ആളുകളുടെ ഒഴിഞ്ഞുപോക്ക് തുടരുകയാണ്.ഏറ്റവും അപകട ഭീഷണി ഉയർത്തുന്ന മലാരി ഇൻ ഹോട്ടൽ ഇന്ന് പൊളിച്ചു മാറ്റൽ ആരംഭിക്കും. റൂർക്കി സെൻട്രൽ ബിൽഡിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എത്തിയ വിദഗ്ധരാണ് പൊളിച്ചുമാറ്റലിന് നേതൃത്വം നൽകുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇടക്കാലം ദുരിതാശ്വാസ വിതരണവും ഇന്ന് നടക്കും.