ഭൗമപ്രതിഭാസം: ജോഷിമഠിൽ സ്ഥിതി രൂക്ഷം; 30 ശതമാനത്തോളം പ്രദേശങ്ങൾ ബാധിക്കപ്പെട്ടു
ഭൗമപ്രതിഭാസം റിപ്പോർട്ട് ചെയ്ത ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നു. പ്രദേശത്ത് കടുത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിൽ 4000 പേരെ ഇതിനകം ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സൈന്യത്തിന്റെയും ഐടിബിപിയുടേയും കെട്ടിടങ്ങളിൽ വിള്ളൽ കണ്ടെത്തി. ആവശ്യമായ മുൻ കരുതൽ നടപടി സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
വിഷയത്തിൽ ഉന്നതതലസംഘം മുഖ്യമന്ത്രി പുഷ്‌കർ സിങ് ദാമിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബോർഡർ മാനേജ്‌മെന്റ് സെക്രട്ടറി ഡോ ധർമേന്ദ്ര സിങ് ഗാങ്വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഴുവൻ ബാധിതരെയും കണ്ടെത്താൻ എൻഡിആർഎഫും ജില്ലാ ഭരണകൂടവും സർവേകൾ തുടരുകയാണ്.
ജോഷിമഠിലെ മുപ്പത് ശതമാനത്തോളം പ്രദേശത്തെയും ഭൗമപ്രതിഭാസം ബാധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഉന്നതതല സമിതി പ്രധാന മന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് സമർപ്പിക്കും. അപകടകരമായ 200 വീടുകൾ ഇതിനകം മാർക്ക് ചെയ്തു. ഭൗമപ്രതിഭാസത്തിന്റെ തത്സമയ വിവരങ്ങൾ നൽകുന്നതിനായി ട്വന്റിഫോർ വാർത്താ സംഘം ജോഷിമഠിലെത്തി.
ഉത്തരാഖണ്ഡിലെ ചമലി ജില്ലയിൽ ഉൾപ്പെട്ടതാണ് ജോഷി മഠം. ഇന്ത്യ – യു എസ് സംയുക്ത സൈനിക അഭ്യാസത്തിന് വേദിയായത് ഈ പ്രദേശമാണ്. പ്രതിരോധരംഗത്ത് ഇന്ത്യയുടെ സുപ്രധാന കേന്ദ്രമായ ജോഷിമഠ് ചൈനയുടെ നീക്കങ്ങളെ നിരീക്ഷിക്കുന്നതിനുള്ള പർവത നിരകളിലെ സുരക്ഷിത പോയിന്റാണ്. ഭൂമി ഇടിഞ്ഞ് കെട്ടിടങ്ങളിലും മറ്റും വിള്ളൽ വീഴുന്ന ഭൗമ പ്രതിഭാസമാണ് ജോഷിമഠിൽ റിപ്പോർട്ട് ചെയ്തിരുന്നത്.