സാമൂഹ്യനേതാവും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു
ആര്യസമാജ പണ്ഡിതനും സാമൂഹ്യപ്രവർത്തകനുമായിരുന്ന സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്
വിവിധ അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആര്യസമാജത്തിന്റെ ആശയങ്ങൾ അടിസ്ഥാനമാക്കി 1970ൽ ആര്യസഭ എന്നൊരു പാർട്ടി രൂപീകരിച്ചിരുന്നു. എംഎൽഎ ആയും പ്രവർത്തിച്ചിട്ടുണ്ട്. സ്ത്രീ വിമോചനത്തിന്റെ വക്താവായിരുന്നു സ്വാമി അഗ്നിവേശ്. പെൺഭ്രൂണഹത്യക്കെതിരെയും പോരാട്ടം നടത്തി.
സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തോട് എന്നും വിമർശനമുന്നയിച്ച വ്യക്തിത്വമായിരുന്നു. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു. വിവിധയിടങ്ങളിൽ വെച്ച് ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് അദ്ദേഹം വിധേയമായിട്ടുണ്ട്.