Wednesday, January 8, 2025
Sports

കോവിഡ് 19 പ്രതിസന്ധി രൂക്ഷം; എഎഫ്‌സി കപ്പ് ഫുട്ബോൾ റദ്ദാക്കി

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷനാണ് ടൂര്‍ണമെന്റ് റദ്ദാക്കുന്നതായി അറിയിച്ചത്. മാര്‍ച്ചില്‍ നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡിനെത്തുടര്‍ന്ന് നീണ്ട് പോവുകയായിരുന്നു. ഇപ്പോഴും കോവിഡ് വ്യാപനത്തിന് കുറവില്ലാത്ത സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് റദ്ദാക്കാന്‍ തീരുമാനിച്ചത്.

എഎഫ്‌സി കപ്പിന്റെ അഞ്ച് സോണുകളെ ഏകോപിപ്പിക്കുന്നതിനും ഇന്റര്‍ സോണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും സങ്കീര്‍ണതകളേറെയാണെന്നും അതിനാല്‍ സങ്കടത്തോടെ ടൂര്‍ണമെന്റ് റദ്ദാക്കുകയാണെന്നും എഎഫ്‌സി പ്രസ്താവനയില്‍ വ്യക്തമാക്കി. ഏഷ്യയിലെ രണ്ടാം നിര ക്ലബ്ബ് പോരാട്ടമാണ് എഎഫ്‌സി കപ്പ്. അതേ സമയം നേരത്തെ മാറ്റി വെച്ചിരുന്ന എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് സെപ്റ്റംബര്‍ 14ന് ഖത്തറില്‍ നടക്കും. ഡിസംബര്‍ 10നാവും ഫൈനല്‍.

നിലവിലെ സാഹചര്യത്തില്‍ താരങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനാലും യുവതാരങ്ങളുടെ ക്ഷേമവും യാത്രാ ബുദ്ധിമുട്ടുകളും കളിക്കിലെടുത്ത് ബഹ്‌റൈനിലും ഉസ്‌ബെക്കിസ്ഥാനിലും ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എഎഫ്‌സി അണ്ടര്‍ 19,16 ചാമ്പ്യന്‍ഷിപ്പുകള്‍ അടുത്ത വര്‍ഷം ആദ്യത്തേക്ക് മാറ്റിവെച്ചതായും എഎഫ്‌സി അറിയിച്ചിട്ടുണ്ട്. റദ്ദാക്കിയ എഎഫ്‌സി സോളിഡാരിറ്റി കപ്പ് 2024ലാവും ഇനി നടക്കുക. ഈ വര്‍ഷം യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എഎഫ്‌സി ഫ്യൂട്‌സല്‍ കപ്പും റദ്ദാക്കിയിട്ടുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍ 30താമത് എഎഫ്‌സി കോണ്‍ഗ്രസ് ഡിസംബര്‍ 9ന് ഓണ്‍ലൈനായി നടക്കും. നേരത്തെ മലേസ്യയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നതാണ് കോവിഡിനെത്തുടര്‍ന്ന് ഓണ്‍ലൈനാക്കി മാറ്റിയത്. അതേ സമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഐ ലീഗും ഉടന്‍ ആരംഭിക്കും. നിലവിലെ സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെ ടൂര്‍ണമെന്റ് നടത്താനാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 21ന് ഐഎസ്എല്‍ സീസണ്‍ ആരംഭിക്കും. കോവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വരാനും സാധ്യത ഏറെയാണ്. നിലവില്‍ മൂന്നോ നാലോ സ്‌റ്റേഡിയത്തിലായി ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ഇത്തരമൊരു പദ്ധതി എഐഎഫ്എഫ് മുന്നോട്ട് വെക്കുന്നത്. താരങ്ങളെ ബയോ ബബിള്‍ സുരക്ഷയില്‍ പാര്‍പ്പിച്ചാവും ടൂര്‍ണമെന്റ് മുന്നോട്ട് പോവുകയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *