Thursday, January 9, 2025
National

സഭാ ഭൂമിയിടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല, സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി:സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.കാനന്‍ നിയമപ്രകാരവും അതിരൂപതാ ചട്ടപ്രകാരം കൂടിയാലോചനകള്‍ നടത്തിയുമാണ്‌ ഭൂമി ഇടപാട് നടത്തിയെന്നു വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഇടപാടിനെ സംബന്ധിച്ച്‌ പാപ്പച്ചന്‍ എന്ന വ്യക്തി നല്‍കിയ പരാതിയില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനം സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സഭയുടെ ഭൂമി വാങ്ങിയവരെല്ലാം അതിരൂപതയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. അതുകൊണ്ടുതന്നെ പണം ഇടപാടിലും നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനന്‍ നിയമ പ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരമുള്ള കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഫൈനാന്‍സ് കൗണ്‍സില്‍ ഉള്‍പ്പടെ സഭയുടെ മൂന്ന് ഭരണസമിതികളും ചര്‍ച്ചചെയ്തിരുന്നു. ഇത് സംബന്ധിച്ച്‌ നടന്ന ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും മിനുട്ട്‌സ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *