പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്; മൂന്ന് പേർ പിടിയിൽ
പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്തിയ മൂന്ന് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ മൽകിത് സിംഗ്, ധർമേന്ദ്ര സിംഗ്, ഹർപൽ സിംഗ് എന്നിവരെയാണ് ഡൽഹി പൊലീസിൻ്റെ കൗണ്ടർ ഇൻ്റലിജൻസ് യൂണിറ്റ് പിടികൂടിയത്. പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ എന്ന് ഡൽഹി പൊലീസ് പറഞ്ഞു.
പാകിസ്താനിൽ നിന്ന് ഡ്രോണുകൾ വഴി കടത്തുന്ന മയക്കുമരുന്ന് പഞ്ചാബിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുന്ന സംഘമാണ് ഇതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഹവാല ഇടപാട് വഴിയാണ് പാകിസ്താനിലേക്കുള്ള പണക്കൈമാറ്റം നടക്കുന്നത്. അമേരിക്ക, ഫിലിപ്പിൻസ് തുടങ്ങിയ രാജ്യങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട്. ഇവരിൽ നിന്ന് ഫിലിപ്പീൻസിലെയും അമേരിക്കയിലെയും മൊബൈൽ നമ്പരുകൾ കണ്ടെടുത്തു. പാകിസ്താനിൽ നിന്നെത്തുന്ന മയക്കുമരുന്ന് ശേഖരിക്കാൻ ഈ നമ്പറിൽ നിന്നാണ് ഇവർക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്. ഈ മയക്കുമരുന്ന് ഇവർ പഞ്ചാബിലെ സപ്ലയർക്ക് കൈമാറും. 2010-11 മുതൽ ഇവർ രാജ്യത്ത് മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നു.