Thursday, January 9, 2025
National

പിടിതരാതെ കര്‍ണാടക; ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; അടിയൊഴുക്കുകളെ കുറിച്ച് ചര്‍ച്ചകള്‍ സജീവം

കര്‍ണാടകയില്‍, തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും അടിയൊഴുക്കുകളെക്കുറിച്ചുള്ള ചര്‍ച്ച സജീവം. ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന അഞ്ച് ഘടകങ്ങള്‍ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സംസ്ഥാനത്താകെ 90 നഗര അര്‍ദ്ധ നഗര മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ബെംഗളുരു, ബെല്‍ഗാവി, ദാവന്‍ഗരെ, ഹുബ്ബള്ളി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ബിജെപി നടത്തിയത്. ഇത് മധ്യവര്‍ഗ്ഗത്തെ ബിജെപിക്ക് അനുകൂലമാക്കി മാറ്റിയെങ്കില്‍ എക്‌സിറ്റ് പോളുകള്‍ തെറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി പാളയത്തിലെ ഏകോപനമില്ലായ്മയാണ് മറ്റൊരു വിഷയം. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷും സംഘവും ഒരു ഭാഗത്തും, യെദ്യൂരപ്പയും ടീമും സ്വന്തം നിലയിലും നീങ്ങിയത് താഴെത്തട്ടില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് അനുമാനം. വോട്ടെണ്ണുമ്പോഴല്ലാതെ ഇതിന്റെ തിരിച്ചടി വിലയിരുത്താനാകില്ല.

അതേസമയം തെരഞ്ഞെടുപ്പിന് മുന്‍പ് പയറ്റിയ സംവരണ തന്ത്രത്തിലൂടെ വടക്കന്‍മധ്യകര്‍ണ്ണാടകത്തിലെ ലിംഗായത്ത്, നായക, എഡിഗ, ബില്ലവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രദ്ധിച്ചിരുന്നു. ഇതിനെതിരെ ഒബിസി, ദളിത്, ന്യൂനപക്ഷ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പയറ്റിയത്. ജാതിക്കളില്‍ ആര് വിജയിക്കുമെന്നത് പ്രവചനാതീതമാണ്. 2018ല്‍ 10000 വോട്ടില്‍ താഴെ ഭൂരിപക്ഷം പലര്‍ക്കും നല്‍കിയ 74 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇത്തവണയും ഇവിടെ ഇഞ്ചോടിഞ്ചായിരുന്നു പോരെന്നത് പ്രവചനങ്ങളെ അസ്ഥാനത്താക്കും. ഏറ്റവുമൊടുവിലായി ബജ്രംഗദള്‍ വിവാദത്തില്‍ ന്യൂനപക്ഷ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നോയെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. അങ്ങനെ സംഭവിച്ചാല്‍ എക്‌സിറ്റ് പോളുകള്‍ പ്രവചനമൊക്കെ കാറ്റില്‍ പറക്കും.

Leave a Reply

Your email address will not be published. Required fields are marked *