ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. ഗുജറാത്തില്‍ തൂത്തുവാരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. ഇഞ്ചോടിഞ്ച് ഫലം പ്രതീക്ഷിച്ച ഹിമാചലില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണായകമാണ്.
ഭരണത്തുടര്‍ച്ചയെന്ന രണ്ടര പതിറ്റാണ്ടിന്റെ ചരിത്രം ഗുജറാത്തില്‍ ആവര്‍ത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. എക്‌സിറ്റ് പോള്‍ ഫലത്തില്‍ അട്ടിമറിയുടെ സൂചന പോലുമില്ല. 130ലധികം സീറ്റുകള്‍ ബിജെപി നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളുടെയും പ്രവചനം. 2017ല്‍ 77 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 30 സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് സര്‍വേ ഫലം പറയുന്നു. വലിയ പ്രതീക്ഷകളുമായി ഇറങ്ങിയ ആംആദ്മി പാര്‍ട്ടി അത്ഭുതങ്ങള്‍ കാണിക്കില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ജനവിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും. ഭരണവിരുദ്ധ വികാരം ഉയര്‍ത്തിക്കാട്ടി ശക്തമായ പ്രചാരണങ്ങളായിരുന്നു സംസ്ഥാനത്ത് എഎപിയും കോണ്‍ഗ്രസും ഇറക്കിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 2017ലേതിനെക്കാള്‍ പോളിങ് ശമതാനം കുറവായിരുന്നു.
ഭരണം മാറിമാറി വരുന്ന ഹിമാചലില്‍ ഇക്കുറി ഫലം പ്രവചനാതീതമാണ്. ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും. ഭരണവിരുദ്ധ വികാരവും വിമത ഭീഷണിയുമാണ് ബിജെപിയുടെ വെല്ലുവിളി. ശക്തമായ നേതൃത്വമില്ലായ്മ പ്രചാരണത്തിലടക്കം കോണ്‍ഗ്രസിനെ അലട്ടിയിരുന്നു. 68 അംഗ നിയമസഭയില്‍ 45ലധികം സീറ്റുകള്‍ നേടുമെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കണക്കുകൂട്ടല്‍.