ദളിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി; ആത്‌മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹങ്ങൾ കെട്ടിത്തൂക്കി
ദളിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി യുവതിയുടെ കുടുംബം. കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യയെന്ന് വരുത്തിത്തീർക്കാൻ ഇവരുടെ മൃതദേഹങ്ങൾ മരത്തിൽ കെട്ടിത്തൂക്കി. യുവതിയുടെ പിതാവ് അടക്കം ഏഴ് പേർക്കെതിരെ എസ്സിഎസ്ടി ആക്ട് പ്രകാരം തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റകൃത്യങ്ങൾ ചുമത്തി കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു.
ഉത്തർ പ്രദേശിലെ ഉന്നാവിലാണ് സംഭവം. ചൊവ്വാഴ്ച, കയംപൂർ നിവർവര ഗ്രാമത്തിലെ ഒരു മാവിൽ മൃതദേഹങ്ങൾ തൂങ്ങിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു. 17 വയസുകാരിയായ പെൺകുട്ടി താക്കൂർ വിഭാഗത്തിൽ പെട്ടയാളാണ്. 19 വയസുകാരനായ യുവാവ് ദളിതനാണ്. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനു തലേന്ന് മകളെ യുവാവ് തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ യുവാവിൻ്റെ കുടുംബം പൊലീസിൽ പരാതിപ്പെട്ടു. പെൺകുട്ടിയുടെ കുടുംബം മകളെ തട്ടിക്കൊണ്ടുപോയി കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ കുടുംബം കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.
യുവാവ് ഇടക്കിടെ പെൺകുട്ടിയുടെ ഗ്രാമത്തിലെത്തി, കുട്ടി പ്രായപൂർത്തിയായാൽ താൻ അവളെ വിവാഹം കഴിക്കുമെന്ന് പറയാറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവാവിനെയാണ് പെൺകുട്ടിയുടെ കുടുംബം ആദ്യം കൊന്നത്. പിന്നീട് പെൺകുട്ടിയെ കൊന്ന് മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയായിരുന്നു.
മാർച്ചിൽ ഇരുവരും ഒളിച്ചോടിയെങ്കിലും ഒരാഴ്ചക്കുള്ളിൽ ഇവരെ കണ്ടെത്തിയിരുന്നു.