പ്രതിഷേധമൊടുങ്ങാതെ കര്‍ണാടക ബിജെപി; മുന്‍ ഉപമുഖ്യമന്ത്രിയും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു
കര്‍ണാടക ബിജെപി സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും സാവഡി രാജിവച്ചു. രാജി തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഭിക്ഷാ പാത്രവുമായി ചുറ്റിനടക്കാനില്ലെന്നും രാജിക്ക് പിന്നാലെ ലക്ഷ്മണ്‍ സാവഡി പ്രതികരിച്ചു.
വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിലാണ് സാവഡയുടെ നടപടി. അത്തനി മമണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിട്ടുള്ള വ്യക്തിയാണ് സാവഡി. 2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മഹേഷ് കുമാര്‍തല്ലിയോട് അദ്ദേഹം പരാജയപ്പെട്ടു. കുമാര്‍തലി പിന്നീട് ബിജെപിയിലേക്കും പോയി. പിന്നാലെ 2019ല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ അട്ടിമറിക്കാനും ബി എസ് യെദ്യൂരപ്പയുടെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും സാവഡ സജീവമായിരുന്നു.
20 സിറ്റിങ് എംഎല്‍എമാരെ ആദ്യപട്ടികയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ 52 പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. 2019 ഓപ്പറേഷന്‍ താമരയിലൂടെ ബിജെപിയില്‍ എത്തിയ ഭൂരിഭാഗം പേര്‍ക്കും പട്ടികയില്‍ ഇടം ലഭിച്ചു. എന്നാല്‍ ശങ്കര്‍ ,റോഷന്‍ ബെയ്ഗ് എന്നിവര്‍ പുറത്തായി. അശ്ലീല വീഡിയോ വിവാദത്തില്‍ കുരുങ്ങിയ രമേശ് ജാര്‍ക്കി ഹോളിക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. ഭിന്നത പരസ്യമായി പ്രകടിപ്പിച്ച കെ എസ് ഈശ്വരപ്പയുടെയും ജഗദീഷ് ഷെട്ടാറിന്റെയും മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇതെല്ലാം സംസ്ഥാന ബിജെപിയില്‍ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ഇന്നലെ വൈകുന്നേരത്തോടെയാണ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സിറ്റിങ് മണ്ഡലമായ ഷിഗ്ഗാവില്‍ നിന്ന് മത്സരിക്കും. ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര ശിക്കരിപ്പുര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഡി കെ ശിവകുമാറിനെതിരെ കനകപുര മണ്ഡലത്തില്‍ ആര്‍ അശോക ആണ് ബിജെപിക്കായി കളത്തിലിറങ്ങുന്നത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമ്മയ്യയ്‌ക്കെതിരെ വരുണയില്‍ സോമണ്ണ ബിജെപിക്ക് വേണ്ടി മത്സരിക്കും. കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തീര്‍ത്ഥഹള്ളി മണ്ഡലത്തില്‍ മത്സരിക്കും. കര്‍ണാടക മന്ത്രി ഡോ.അശ്വത്‌നാരായണ്‍ സി എന്‍ മല്ലേശ്വരത്ത് നിന്നും മന്ത്രി ആനന്ദ് സിങ്ങിന്റെ മകന്‍ സിദ്ധാര്‍ത്ഥ് സിംഗ് കാംപ്ലിയില്‍ നിന്നും മത്സരിക്കും.