Monday, January 6, 2025
National

8 വനിതകള്‍, 52 പുതുമുഖങ്ങള്‍; കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. എട്ട് വനിതകള്‍ ഉള്‍പ്പെടെ 189 പേരാണ് പട്ടികയിലുള്ളത്. ഇതില്‍ 52 പേര്‍ പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സിറ്റിങ് മണ്ഡലമായ ഷിഗ്ഗാവില്‍ നിന്ന് മത്സരിക്കും. ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര ശിക്കരിപ്പുര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഡി കെ ശിവകുമാറിനെതിരെ കനകപുര മണ്ഡലത്തില്‍ ആര്‍ അശോക ആണ് ബിജെപിക്കായി കളത്തിലിറങ്ങുന്നത്.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമ്മയ്യയ്‌ക്കെതിരെ വരുണയില്‍ സോമണ്ണ ബിജെപിക്ക് വേണ്ടി മത്സരിക്കും. കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തീര്‍ത്ഥഹള്ളി മണ്ഡലത്തില്‍ മത്സരിക്കും. കര്‍ണാടക മന്ത്രി ഡോ.അശ്വത്‌നാരായണ്‍ സി എന്‍ മല്ലേശ്വരത്ത് നിന്നും മന്ത്രി ആനന്ദ് സിങ്ങിന്റെ മകന്‍ സിദ്ധാര്‍ത്ഥ് സിംഗ് കാംപ്ലിയില്‍ നിന്നും മത്സരിക്കും.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ചിക്കമംഗളൂരു മണ്ഡലത്തില്‍ നിന്നും മന്ത്രി ബി ശ്രീരാമുലു ബെല്ലാരി റൂറലിലും രമേശ് ജാര്‍ക്കി ഹോളി തന്റെ മണ്ഡലമായ ഗോകക്കില്‍ നിന്നും ജനവിധി തേടും. മെയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 20 ആണ്. വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *