‘പൂർത്തിയാകാത്ത എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു’; കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണി പൂർത്തിയാകാത്ത എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുവെന്നാരോപിച്ച് കന്നഡ അനുകൂല സംഘടനകളാണ് പ്രതിഷേധിച്ചത്. 118 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളൂരു-മൈസൂർ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പണി തീരാത്ത എക്സ്പ്രസ് വേ മോദി ഉദ്ഘാടനം ചെയ്തതെന്ന് സംഘടനകൾ ആരോപിച്ചു. അണ്ടര്‍ പാസുകളും സര്‍വീസ് റോഡുകളും മോശം അവസ്ഥയിലാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. മാണ്ഡ്യയിലെ ഗെജ്ജാലഗെരെയില്‍ നടന്ന ചടങ്ങില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് പ്രധാനമന്ത്രി എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. 8172 കോടി രൂപ ചിലവഴിച്ചാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പത്ത് വരി പാത നിര്‍മിച്ചിരിക്കുന്നത്.
രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ യുവാക്കള്‍ അഭിമാനകൊള്ളുന്നു. എക്സ്പ്രസ് വേ സമൃദ്ധിയുടെയും വികസനത്തിന്റെയും പാത തുറക്കുമെന്നും മോദി പറഞ്ഞു. കോൺഗ്രസ് തൻ്റെ ശവക്കുഴി തോണ്ടുന്ന സ്വപ്നം കാണുകയാണെന്നും താൻ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള തിരക്കിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.