കുടുംബം ചികിത്സ നിഷേധിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഉമ്മൻ ചാണ്ടി; തുടർ ചികിത്സയ്ക്കായി ബംഗളൂരുവിലേയ്ക്ക് തിരിച്ചു
ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയർന്ന ആരോപണം നിഷേധിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനം ഇല്ലാത്തവയാണ്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സയാണ് തനിക്ക് ലഭിച്ചത്. വന്നതിനേക്കാൾ ആരോഗ്യം ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉമ്മൻചാണ്ടിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും തുടർ ചികിത്സയ്ക്കായി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ബംഗളൂരുവിലേയ്ക്ക് കൊണ്ടു പോയെന്നും ഡോ. മഞ്ജു തമ്പി അറിയിച്ചു. ആരോഗ്യാവസ്ഥയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തുടർ ചികിത്സയോടെ ഉമ്മൻചാണ്ടി കൂടുതൽ ആരോഗ്യവാനാകുമെന്നാണ് പ്രതീക്ഷ. ഉമ്മൻ ചാണ്ടിയുടെ 3 മക്കൾ, ഭാര്യ, മെഡിക്കൽ സംഘത്തിലെ 3 പേർ എന്നിവരാണ് ബംഗളൂരുവിലേയ്ക്കുള്ള വിമാനത്തിൽ ഉമ്മൻ ചാണ്ടിയെ അനുഗമിക്കുന്നത്.
നിംസ് ആശുപത്രിയിൽ നിന്ന് 2.15നാണ് ഉമ്മൻ ചാണ്ടി പുറപ്പെട്ടത്. ബെന്നി ബെഹനാൻ എം.പിയും ഉമ്മൻചാണ്ടിക്കൊപ്പം ബംഗളൂരുവിലേക്ക് പോയി. സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ കൂടി നിയന്ത്രണത്തിലായിരുന്നു നിംസിൽ ചികിത്സ നടത്തിയത്. ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ ന്യുമോണിയ ബാധിച്ച് മോശം ആരോഗ്യാവസ്ഥയിലായിരുന്നു ഉമ്മൻ ചാണ്ടി.
അണുബാധ പൂര്‍ണമായും ഭേദമായതിന് ശേഷമാണ് ഉമ്മന്‍ചാണ്ടിയെ എയര്‍ ആംബുലന്‍സില്‍ ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അദ്ദേഹം നിംസ് ആശുപത്രിയില്‍ ആറ് ദിവസമാണ് ചികിത്സയില്‍ കഴിഞ്ഞത്.