ഒരു ഡസൻ സംസ്ഥാനങ്ങളിൽ ഗവർണർ മാറി, രമേഷ് ബൈസ് മഹാരാഷ്ട്ര ഗവർണർ
മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി രാജിവച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി രമേഷ് ബൈസിനെ നിയമിച്ചു. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചുള്ള പരാമർശം അടുത്തിടെ വിവാദമായതിനെ തുടർന്നാണ് കോഷിയാരിയുടെ രാജി. ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണർ രാധാകൃഷ്ണൻ മാത്തൂരിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
ബിഹാർ, അസം, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾക്കായി ഗവർണർ സ്ഥാനത്തേക്ക് പ്രസിഡന്റ് മുർമു പുതിയ നിയമനങ്ങളും നടത്തി. അരുണാചൽ പ്രദേശ് ഗവർണർ ബി.ഡി മിശ്രയെ ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. മുൻ ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയെ ഹിമാചൽ പ്രദേശ് ഗവർണറായി. രാജസ്ഥാനിലെ ശക്തനായ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയയെ അസമിന്റെ ഗവർണറായി നിയമിച്ചു. അതേ സമയം മുൻ ജസ്റ്റിസ് എസ് അബ്ദുൾ നസീർ ആന്ധ്രാപ്രദേശ് ഗവർണറായി.
ബീഹാർ ഗവർണർ ഫാഗു ചൗഹാനെ മേഘാലയ ഗവർണറായി നിയമിച്ചു. ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ബീഹാർ ഗവർണറായി നിയമിച്ചു. ലഫ്റ്റനന്റ് ജനറൽ കൈവല്യ ത്രിവിക്രം പർനായിക്കിനെ അരുണാചൽ പ്രദേശിന്റെ ഗവർണറാക്കി. അതേ സമയം ലക്ഷ്മൺ പ്രസാദ് ആചാര്യയെ സിക്കിം ഗവർണറായി നിയമിച്ചു. സി.പി രാധാകൃഷ്ണനെ ജാർഖണ്ഡ് ഗവർണറായും ബിശ്വഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഢ് ഗവർണറായും നിയമിച്ചു.