കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു; ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് കൊളത്തറയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറിലും സ്കൂട്ടറിലും യുവാവ് പെട്രോളൊഴിച്ച് കത്തിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തീ ആളിക്കത്തുന്നതോടെ ഇയാൾ ഓടിരക്ഷപ്പെടുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കൊളത്തറ സ്വദേശി ആനന്ദ് കുമാറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് തീപിടിച്ച് നശിച്ചത്. വാഹനങ്ങൾക്ക് തീപിടിച്ചത് കണ്ട വഴിയാത്രക്കാർ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. വീട്ടുകാർ ആ സമയത്ത് ഉറക്കത്തിലായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ വീട്ടിലേക്ക് തീപടർന്നില്ല. ആനന്ദ് കുമാറും ബന്ധുക്കളും തമ്മിൽ സ്വത്ത് തർക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ടാണോ ആക്രമണം നടന്നതെന്ന് സംശയമുണ്ട്. ദിവസങ്ങൾക്കു മുൻപ് രാത്രിയിൽ ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് അജ്ഞാതൻ വീടിനു നേരെ എറിഞ്ഞിരുന്നു. ഇതേ തുടർന്നാണ് വീട്ടിൽ സിസിടിവി സ്ഥാപിച്ചത്.
രാത്രി പന്ത്രണ്ടുമണിയോടെ മൂന്ന് കുപ്പി പെട്രോളുമായാണ് യുവാവ് ആനന്ദകുമാറിൻറെ വീട്ടിലെത്തിയത്. മുറ്റത്തുണ്ടായിരുന്ന കാറിലും സ്കൂട്ടറിലും പെട്രോൾ ഒഴിച്ച് തീകൊളുത്തി. ആളി കത്തിയതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. നല്ലളം പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി.