Wednesday, January 8, 2025
Gulf

സൗദിയിൽ മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി വനിതയെ നിയമിച്ചു

സൗദിയില്‍ ആദ്യമായി മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ നിയമിച്ചു. ശയ്ഹാന ബിന്‍ത് സാലെഹ് അല്‍ അസാസിനെയാണ് പുതിയ മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ മുഹമ്മദ് അബ്ദുല്ല അൽഅമീലിനെയും മന്ത്രിസഭ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സൗദിയിൽ പുതിയ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമിച്ചു കൊണ്ട് സല്‍മാന്‍ രാജാവിന്റെ ഉത്തരവിറങ്ങിയത്. നിരവധി ഉദ്യോഗസ്ഥരെയും ഉപദേശകരെയും മാറ്റിയും പുതുമുഖങ്ങളെ നിയമിച്ചുമാണ് ഉത്തരവ്. അബ്ദുറഹ്മാൻ ബിൻ അയാഫ് അൽമുഖ്‌രിൻ റോയൽ കോർട്ട് ഉപദേശകനായി മന്ത്രി പദവിയോടെ നിയമിച്ചു. മന്ത്രിസഭ സെക്രട്ടറി പദവിൽനിന്നാണ് ഉപദേശകനായി മുഖ്‌രിനെ നിയമിച്ചത്.

ഡോ. ബന്ദർ ബിൻ ഉബൈദ് ബിൻ ഹമുദ് റശീദിനെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ സെക്രട്ടറിയായി മന്ത്രി പദവിയോടെ നിയമിച്ചു. നിലവിലെ ചുമതലകളോടൊപ്പമാണ് പുതിയ നിയമനം. അയ്മൻ ബിൻ മുഹമ്മദ് സഹൂദ് സയാറിയെ സൗദി സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണറായി കാബിനറ്റ് റാങ്കോടെ നിയമിച്ചു. അമീറ ഹയ്ഫാഫ് ബിൻത് മുഹമ്മദ് അൽ അബ്ദുറഹ്മാൻ അൽസഊദിനെ ടൂറിസം വകുപ്പ് ഉപമന്ത്രിയായി നിയമിച്ചു. റുമൈഹ് റമീഹിനെ ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക് വകുപ്പിലെ ഉപ മന്ത്രിയായും നിയമിച്ചു.

മൻസുർ ബിൻ അബ്ദുല്ല ബിൻ സൽമാനെ കിരീടാവകാശിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. അബ്ദുൽ അസീസ് ബിൻ ഇസ്മാഈൽ തറാബുജൂനിയെ റോയൽ കോർട്ട് ഉപദേശകനായും നിയമിച്ചു. ഈഹാബ് ഗാസി ഹഷാനിയെ മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ് വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. അഹമ്മദ് സുഫിയാൻ ഹസനെ ഗതാഗത വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റായും നിയമിച്ചു. ഖാലിദ് വലീദ് ളാഹിറിനെ സെൻട്രൽ ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണറായും നിയമിച്ചു. അബ്ദുൽ അസീസ് ഹമദ് റമീഹിനെ ഹെൽത്ത് ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റിലെ ഡെപ്യൂട്ടി മന്ത്രിയായും നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *