മോഡൽ ദിവ്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളിയ കേസ്; ഒരാൾ അറസ്റ്റിൽ
മോഡൽ ദിവ്യ പഹൂജയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളിയയാൾ പശ്ചിമ ബംഗാളിൽ പിടിയിൽ. ബൽരാജ് ഗില്ലിനെയാണ് കൊൽക്കത്ത പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ രവി ബാന്ദ്രയ്‌ക്കൊപ്പം വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവെ, കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് ബൽരാജ് പിടിയിലാകുന്നത്. ഒപ്പമുണ്ടായിരുന്ന രവി കടന്നുകളഞ്ഞു.
ഈ വർഷം ജനുവരി 2നാണ് ഹോട്ടൽ സിറ്റി പോയിന്റിൽ ദിവ്യയെ അഞ്ച് പേർ ചേർന്ന് എത്തിക്കുന്നതും, 111-ാം നമ്പർ മുറഇയിൽ വെടിവച്ച് കൊലപ്പെടുത്തുന്നതും. ശേഷം ദിവ്യയുടെ മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു. ഇതുവരെ മൃതദേഹം കണ്ടെത്താൽ പൊലീസിന് സാധിച്ചിട്ടില്ല. മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് നൽകുന്ന വിവരപ്രകാരം, അഭിജിത് സിംഗിന്റെ ചില അശ്ലീല ദൃശ്യങ്ങൾ ദിവ്യയുടെ ഫോണിലുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാൻ പറഞ്ഞിട്ടും ദിവ്യ അനുസരിച്ചില്ല. അഭിജിത്തിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് അഭിജിത്തും സുഹൃത്തുക്കളും ചേർന്ന് ദിവ്യയെ കൊലപ്പെടുത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് അഭിജിത് സിംഗ്, ഹേമരാജ്, ഓംപ്രകാശ് എന്നിവരെ പൊലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.
27 കാരിയായ ദിവ്യ പഹൂജ മുൻ കാമുകനും ഗുരുഗ്രാമിലെ കുപ്രസിദ്ധ ഗുണ്ടയുമായ സന്ദീപ് ഗണ്ടോളിയുടെ 2016 ലെ വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് ഏഴ് വർഷമായി തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. കഴിഞ്ഞ വർഷമാണ് ദിവ്യ ജാമ്യത്തിലിറങ്ങിയത്.