കേന്ദ്രമന്ത്രി എസ് ജയശങ്കർ ഇന്ന് ചെമ്പഴന്തി സന്ദർശിക്കും
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് കേന്ദ്രമന്ത്രി ചെമ്പഴന്തിയിൽ എത്തുക. 11ന് പാപ്പനംകോട് ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടക്കുന്ന കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായവരുടെ സംഗമത്തിൽ പങ്കെടുക്കും. 12.30ന് ദേശീയപാത വികസനം നടക്കുന്ന കഴക്കൂട്ടത്തെ പദ്ധതി പ്രദേശം സന്ദർശിക്കും. നാളെ വൈകുന്നേരം മന്ത്രി മടങ്ങിപ്പോകും.
തലസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രിക്ക് വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണമാണ് ബി.ജെ.പി പ്രവർത്തകർ ഒരുക്കിയത്. ഇന്നലെ ബി.ജെ.പി സംസ്ഥാന സമിതിയംഗം പൂന്തുറ സണ്ണിയുടെ മകളുടെ വിവാഹത്തിലും കേന്ദ്ര മന്ത്രി പങ്കെടുത്തു. വൈകിട്ട് യുവ വോട്ടർമാരുമായും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളുമായും ടെന്നീസ് ക്ലബിൽ കൂടിക്കാഴ്‌ച നടത്തി. കണ്ണമ്മൂലയിലെ ശ്രീ വിദ്യാധിരാജ ജന്മസ്ഥാന ക്ഷേത്രത്തിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയിരുന്നു.