കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാൻ കഴിയില്ലെന്ന് ഗുലാബ് നബി ആസാദ്
ജമ്മു കശ്മീരിന് കൂടുതൽ സ്വയംഭരണാവകാശം നൽകുന്ന ‘ആർട്ടിക്കിൾ 370’ പുനസ്ഥാപിക്കാൻ കഴിയുന്നതല്ലെന്ന് ഗുലാബ് നബി ആസാദ്. വോട്ടിന് വേണ്ടി താൻ ആരെയും തെറ്റിദ്ധരിപ്പിക്കില്ല. ജനത്തെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ല. നേടാൻ കഴിയാത്ത കാര്യങ്ങൾ പ്രാദേശിക പാർട്ടികൾ ഉയർത്തരുത്. 10 ദിവസത്തിനകം പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ആസാദ് പറഞ്ഞു.
വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ, തൻ്റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “എനിക്കോ, കോൺഗ്രസിനോ, ശരദ് പവാറിനോ, മമത ബാനർജിക്കോ 370 പുനഃസ്ഥാപിക്കാനാവില്ല. അതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഓരോ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയത്തിൻ്റെ പടുകുഴിയിൽ വീഴുന്നു. പാർലമെന്റിൽ ഭൂരിപക്ഷം നേടാനും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിൽ ഇല്ല.”- ആസാദ് പറഞ്ഞു.
ചൂഷണത്തിന്റെയും അസത്യത്തിന്റെയും രാഷ്ട്രീയത്തിനെതിരെ അടുത്ത 10 ദിവസത്തിനുള്ളിൽ ജമ്മു കശ്മീരിൽ പുതിയ പാർട്ടി ആരംഭിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് ആഹ്വനം ചെയ്തു. “ചൂഷണത്തിന്റെ രാഷ്ട്രീയം കശ്മീരിൽ ഒരു ലക്ഷം പേരുടെ മരണത്തിലേക്ക് നയിച്ചു. ഇത് അഞ്ച് ലക്ഷം കുട്ടികളെ അനാഥരാക്കി”-ആസാദ് പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രതീക്ഷകളെ വ്രണപ്പെടുത്തിയാലും ചൂഷണത്തിനും അസത്യത്തിനും എതിരെ പോരാടാനാണ് ജമ്മു കശ്മീരിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.