വിനായക ചതുർത്ഥിയ്‌ക്ക് മുൻപ് മുംബൈ-ഗോവ ദേശീയപാത യാഥാർത്ഥ്യമാകും; ഏക്‌നാഥ് ഷിൻഡെ
മുംബൈ-ഗോവ ദേശീയപാത (എൻഎച്ച്-66) നിർമ്മാണം വിനായക ചതുർത്ഥിയ്‌ക്ക് മുൻപായി പൂർത്തിയാകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ യാത്ര സമയത്തിലും 4 മണിക്കൂറിലധികം കുറവ് വരും. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഷിൻഡെ മുംബൈ ഗോവ ദേശീയപാതയുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ സർക്കാർ നടപടിയെടുത്തെന്ന് ട്വീറ്റ് ചെയ്തു.
മഹാരാഷ്‌ട്രയിലെ പനവേൽ മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ നീളുന്ന ദേശീയപാതയാണ് എൻഎച്ച് 66. ഇതിൽ പനവേൽ മുതൽ ഗോവ വരെയുള്ള പാതയുടെ നിർമാണമാണ് അടുത്തമാസം പൂർത്തിയാകുന്നത്. വിനോദസഞ്ചാരമേഖലയിലടക്കം ഇതിന്റെ പ്രതിഫലനമുണ്ടാകും. മുംബൈ-ഗോവ ദേശീയപാത നിർമാണം അന്തിമഘട്ടത്തിലാണെന്നു മഹാരാഷ്‌ട്ര പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാൻ വ്യക്തമാക്കി.
കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്‌ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ആകെ 1,611 കിലോമീറ്റർ ദൈർഘ്യത്തിലാണ് എൻഎച്ച് 66. ദേശീയപാത കടന്നുപോകുന്നതിൽ ഏറ്റവുമധികം നീളമുള്ള (678 കി.മീ) കേരളത്തിലും നിർമാണങ്ങൾ പുരോഗമിക്കുകയാണ്.സെപ്റ്റംബർ പകുതിയോടെ വർഷങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാതയുടെ നിർമ്മാണപ്രവർത്തനം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.