‘പ്രകൃതിയുമായി ചേർന്ന് ജീവിക്കണം’ വീട് നിർമ്മാണത്തിൽ സിമന്റിന് പകരം ചാണകം ഉപയോഗിച്ച് യുപി സ്വദേശി
വീട് നിർമ്മാണത്തിൽ സിമന്റിന് പകരം ചാണകം ഉപയോഗിച്ച് യുപി സ്വദേശി. പ്രകൃതിയുമായി കൂടുതൽ ചേർന്ന് ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത് എന്നാണ് കർഷകനായ ഇയാൾ പറയുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന മൊഹിയുദ്ദീൻപൂർ ഗ്രാമത്തിലെ അരിഹന്ത് ജെയിൻ എന്നയാളാണ് ഇത്തരത്തിൽ ഒരു പരീക്ഷണം തന്റെ വീട് നിർമ്മാണത്തിൽ നടപ്പാക്കിയിരിക്കുന്നത്.
ചാണകം പുരട്ടിയ തന്റെ ജൈവഭവനം തണുപ്പുകാലത്തെ അതികഠിനമായ തണുപ്പിൽ നിന്നും ചൂടുകാലത്തെ അത്യുഷ്ണത്തിൽ നിന്നും ആശ്വാസം നൽകുമെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രകൃതിയോടുള്ള അഗാധമായ ആരാധനയാണ് തന്നെ ഇത്തരത്തിൽ മാറി ചിന്തിപ്പിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. സിമന്റിന് ബദലായി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ ഒന്നാണ് ചാണകം എന്നും ഇദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല നിർമ്മാണ ചെലവും വളരെയധികം കുറയുമെന്നും ഇദ്ദേഹം പറയുന്നു.
പ്രാദേശികമായ സുലഭമായി ലഭ്യമാകുന്ന ഒരു വസ്തു ഉപയോഗിച്ചു കൊണ്ട് തന്നെ ആരോഗ്യപൂർണവും പ്രകൃതിദത്തവുമായ ഒരു വാസസ്ഥലം ക്രമീകരിക്കാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും എന്നാണ് അരിഹന്ത് ജെയിന്റെ പക്ഷം. ഭാവിയിൽ തൻറെ പാത സ്വീകരിച്ച് കൂടുതൽ ആളുകൾ ഭവന നിർമ്മാണത്തിന് പ്രകൃതിദത്തമായ ബദലുകൾ തേടുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അരിഹന്ത് ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.