പുതിയ ദേശീയപാത പ്രഖ്യാപനം സുപ്രീം കോടതിയിലെ കേസ് ദുർബലപ്പെടുമെന്ന് യുവജനക്കൂട്ടായ്മ്മ
സുൽത്താൻ ബത്തേരി: കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ദേശീയപാത പ്രഖ്യാപിച്ചതിലൂടെ പ്രദേശത്തുണ്ടായ ആശങ്ക പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്ന് യുവജനക്കൂട്ടായ്മ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ കേസ് അന്തിമഘട്ടത്തിൽ എത്തി നിൽക്കെയുള്ള പുതിയ ദേശീയപാത പ്രഖ്യാപനം കേസിന്റെ വിധിയെ സ്വാധീനിക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാവും. എൻ എച്ച് 766 ന് ബദലായി പല ഘട്ടങ്ങളിലും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കുട്ട ഗോണിക്കുപ്പ റോഡ് ഉൾപ്പെടുത്തിയുള്ള ദേശീയ പാത പ്രഖ്യാപനം സുൽത്താൻ ബത്തേരി മേഖലയിലുള്ളവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.ഈ വിഷയത്തിൽ ഇടപെട്ട് പുതിയ പാതയെ തള്ളിക്കളഞ്ഞ് സംസ്ഥാന സർക്കാർ ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കണം. രാഹുൽ ഗാന്ധി എം പി യും കേന്ദ്ര സർക്കാരിൽ ആവശ്യമായ ഇടപെടൽ നടത്താൻ തയ്യാറാവണം.എൻ എച്ച് 766 ന്റെ പ്രാധാന്യം ഉൾക്കൊണ്ട് പാത തുറക്കണമെന്നും ഈ പാതക്ക് ബദലില്ലെന്നുമുള്ള പ്രമേയം നിയമസഭ പാസാക്കിയിട്ടുള്ളതാണ്. വന്യ മൃഗസംരക്ഷണത്തിന്റെ പേര് പറഞ്ഞ് എൻ എച്ച് 766 എന്നെന്നേക്കുമായി അടച്ചുപൂട്ടാനുള്ള നീക്കങ്ങൾ പുതിയ പാത പ്രഖ്യാപനത്തിന് പിന്നിൽ ഉണ്ടെങ്കിൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ സമരം നയിച്ച യുവജനക്കൂട്ടായ്മ വീണ്ടും സമര രംഗത്തിറങ്ങാൻ മടിക്കില്ല.നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന നിലവിലെ ദേശീയപാതക്കു പകരമായി മറ്റൊരു പാതയും അംഗീകരിക്കാനാവില്ല.ബന്ദിപ്പൂർ,നാഗർഹോള കടുവ സങ്കേതങ്ങളിലൂടെ കടന്നുപോകുന്ന നിർദിഷ്ട പാത എൻ എച്ച് 766 പോലെ തന്നെ വനമേഖലയിലൂടെയാണ് കടന്നു പോകുന്നത്.മാത്രമല്ല മൈസൂരുവിൽ നിന്നും മലപ്പുറത്തേക്കുള്ള ദൂരക്കുറവും നിർദിഷ്ട പാതയെ അപേക്ഷിച്ച് എൻ എച്ച് 766 വഴി തന്നെയാണ്.നിലവിലുള്ള പാതയിലെ വനമേഖലകളിൽ ആകാശപാതകൾ നിർമ്മിച്ച് വനം – വന്യജീവി സംരക്ഷണം സർക്കാരുകൾ ഉറപ്പുവരുത്തുകയാണ് വേണ്ടത്.വനമേഖലയിൽ വീതി കൂട്ടിപുതിയ പാത നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതവും കൂടുതലായിരിക്കും. വസ്തുത ഇതായിരിക്കെ വയനാടെന്ന ചെറു ജില്ലയുടെ യാത്രാ സൗകര്യത്തിനായി കിലോമീറ്ററുകൾക്കപ്പുറത്ത് കൂടി പുതിയ ദേശീയപാത പ്രഖ്യാപനത്തിന്റെ സാംഗത്യമാണ് സംശയമുണർത്തുന്നത്.നിലവിലെ സാഹചര്യത്തിൽ സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ദേശീയപാത പൂർണമായി അടച്ചുപൂട്ടാൻ അഭിപ്രായം ആരാഞ്ഞ സാഹചര്യം മുൻപുണ്ടായത് മറക്കരുത്. സുൽത്താൻ ബത്തേരി,നൂൽപ്പുഴ പ്രദേശങ്ങളുടെ ജീവനാഡിയും താലൂക്കിലെ മറ്റ് പഞ്ചായത്തുകളുടെ ഏക യാത്ര മാർഗവുമായ ദേശീയപാത പൂർണമായി തുറന്നു കിട്ടാൻ പ്രദേശവാസികൾ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിലകൊള്ളണം. സുൽത്താൻ ബത്തേരിയിൽ നിന്നും ഗുണ്ടൽപേട്ടയിലെത്താൻ 55 കിലോമീറ്ററുകൾ മാത്രം മതിയായിരിക്കെ 256 കിലോമീറ്റർ ചുറ്റി സഞ്ചരിച്ച് അവിടെ എത്തണമെന്ന് ആരു തീരുമാനിച്ചാലും ജനം ആ തീരുമാനം ലംഘിക്കും. ആ നിയമ ലംഘനത്തെ ഇവിടുത്തെ യുവജനങ്ങൾ മുന്നിൽ നിന്നു നയിക്കും. പ്രദേശത്തെ വികസന മുരടിപ്പിലേക്ക് നയിക്കുന്ന തീരുമാനങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ രാഷ്ട്രീയ നേതൃത്വങ്ങളും തയ്യാറാവണം.കൺവീനർ റ്റിജി ചെറുതോട്ടിൽ,എം എസ് ഫെബിൻ, ഷംസാദ് മരക്കാർ,സി കെ ഹാരിഫ്, സഫീർ പഴേരി, അഡ്വ കെ ജി സുധീഷ്,പി സംഷാദ്, അഡ്വ.ആർ രാജേഷ് കുമാർ,കെ എൻ സജീവ്,സമദ് കണ്ണിയൻ, ലിജോ ജോണി, ഉനൈസ് കല്ലൂർ,ആരിഫ് തണലോട്ട്, എ പി പ്രേഷിന്ത്, സലീം, നൗഷാദ് വെള്ളങ്കര പ്രസംഗിച്ചു.