Saturday, October 19, 2024
National

വിശാല പ്രതിപക്ഷത്തിനൊപ്പമല്ല, എൻഡിഎയുടെ ഒപ്പവുമല്ല; മോദിയെ കണ്ട് നയം വ്യക്തമാക്കി ഒഡീഷ മുഖ്യമന്ത്രി

ദില്ലി: വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാ​ഗമാകാനില്ലെന്ന് വ്യക്തമാക്കി ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നവീൻ പട്നായിക്. 2024ലെ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും എല്ലായ്പ്പോഴും തങ്ങളുടെ നയം അതുതന്നെയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട ശേഷമാണ് നവീൻ പട്നായിക് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഔദ്യോ​ഗിക സന്ദർശനത്തിന്റെ ഭാ​ഗം മാത്രമാണെന്ന് നവീൻ പട്നായിക് പറഞ്ഞു. ബിജെഡി സമദൂര സിദ്ധാന്തം തുടരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പാർട്ടിയുടെ നയം എല്ലായ്പ്പോഴും പാർട്ടിക്ക് അതിന്റേതായ നയമുണ്ടെന്ന് അദ്ദേഹം മറുപടി നൽകി.

76 കാരനായ നവീൻ പട്നായിക് ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെയാണോ കോൺഗ്രസിനെ ആണോ പിന്തുണയ്ക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ലെന്ന് ബിഹാർ മുഖ്യമന്ത്രിയും വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന നേതാക്കളിലൊരാളുമായ നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നവീൻ പട്നായിക് വ്യക്തമാക്കിയിരുന്നു. 2024-ൽ രാജ്യവ്യാപകമായി ബിജെപിക്കെതിരെ നേർക്കുനേർ മത്സരിക്കാനുള്ള വിശാലപ്രതിപക്ഷ ശ്രമങ്ങൾക്കുള്ള പ്രഹരമാണ് നവീൻ പട്നായിക്കിന്റെ പ്രഖ്യാപനം. ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും നവീൻ പട്നായിക് കൂടിക്കാഴ്ച നടത്തിയിരുന്നു. 22 വർഷമായി താൻ ഭരണത്തിലിരിക്കുന്ന സംസ്ഥാനത്ത് അക്രമണോത്സുക നീക്കങ്ങൾ നടത്തുന്ന ബിജെപിക്ക് തക്ക സന്ദേശം നൽകാനാണ് ഒഡീഷ മുഖ്യമന്ത്രി പ്രതിപക്ഷനേതാക്കളെ കാണുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2008ലാണ് നവീൻ പട്നായിക് എൻഡിഎ സഖ്യം ഉപേക്ഷിച്ചത്.

­

Leave a Reply

Your email address will not be published.