‘അത്യധികം സന്തോഷം’ ചീറ്റകളെ വിശാല മേഖലയിലേക്ക് തുറന്നുവിട്ട ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
കുനോ ദേശീയോദ്ധ്യാനത്തിലെ ചീറ്റകളെ വിശാല ആവാസ മേഖലയിലേക്ക് തുറന്നുവിട്ടതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ചീറ്റകളും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെന്നും പുതിയ പരിതസ്ഥിതിയുമായി അവർ പൊരുത്തപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റ് ചീറ്റപ്പുലികളെയും വൈകാതെ വിട്ടയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്ധ്യാനത്തിന്റെ വിശാല മേഖലയിലേക്ക് അഴിച്ചുവിടുന്ന ചീറ്റകളുടെ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചായിരുന്നു മോദിയുടെ പ്രതികരണം. എല്ലാ ചീറ്റകളും പൂർണ ആരോഗ്യമുള്ളവരായി തുടരുന്നു എന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.
നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾ നിർബന്ധമായും പാലിക്കേണ്ടിയിരുന്ന ക്വാറന്റൈൻ നടപടികൾ പൂർത്തിയായതോടെയായിരുന്നു വിശാല ആവാസ മേഖലയിലേക്ക് തുറന്നുവിട്ടത്. എൽട്ടൺ, ഫ്രഡ്ഡി എന്നീ ആൺചീറ്റകളെയാണ് തുറന്നുവിട്ടത്. വിശാല സ്ഥലത്തേക്ക് തുറന്നുവിട്ടതിന് ശേഷം ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാകും ശേഷിക്കുന്ന ചീറ്റകളെ കൂടി തുറന്നുവിടുക.