ഏപ്രിൽ 30ന് വധിക്കും; സല്‍മാന്‍ ഖാന് റോക്കി ഭായിയുടെ ഭീഷണി
ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ജോധ്പൂരിൽ നിന്ന് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയത്. ഈ മാസം 30ന് കൊല്ലുമെന്നാണ് പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച കോളിൽ പറഞ്ഞത്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
‘ഇന്നലെ പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച കോളിൽ, രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ഏപ്രിൽ 30 ന് നടൻ സൽമാൻ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുന്നു’വെന്ന് മുംബൈ പൊലീസ് പറഞ്ഞു.
സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘കിസി കാ ഭായ് കിസി കി ജാന്‍റെ’ പ്രമോഷനുകൾക്കിടയിലാണ് നടന് നേരെ ഭീഷണിയുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാസവും സല്‍മാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. യുകെയില്‍ പഠിക്കുന്ന ഡല്‍ഹി സ്വദേശിയായ 25കാരനാണ് ഇ-മെയില്‍ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഈ ഇ-മെയില്‍ വിലാസം വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവരുമായോ മറ്റേതെങ്കിലും സംഘവുമായോ ഇയാൾക്ക് ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. താരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ മുംബൈ പൊലീസ് ഖാന് Y+ കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.