Tuesday, January 7, 2025
Kerala

അൽഫോൺസ് കണ്ണന്താനം ബിജെപി കോർ കമ്മിറ്റിയിൽ

ബിജെപി കോർ കമ്മിറ്റി പുനസംഘടിപ്പിച്ചു. അൽഫോൺസ് കണ്ണന്താനത്തിനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ എസ് രാധാകൃഷ്ണൻ, പ്രഫുൽ കൃഷ്ണൻ, വി വി രാജേഷ്, നിവേദിത സുബ്രമണ്യം, കെ അനീഷ് കുമാർ എന്നിവരും കോർ കമ്മിറ്റിയിൽ. കണ്ണന്താനത്തിനെ ഉൾപ്പെടുത്തിയത് ക്രൈസ്‌തവ വിഭാഗങ്ങളോട് അടുക്കാനാണ്.

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു, ഇതിനു പിന്നാലെയാണ്, അൽഫോൺസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബിജെപിയുടെ നീക്കം.

സംസ്ഥാന, ദേശീയ ഭാരവാഹികളാണ് പാർട്ടിയുടെ കോർ കമ്മിറ്റിയിൽ അംഗങ്ങളാകാറുള്ളത്. എന്നാൽ അൽഫോൺസ് കണ്ണന്താനത്തിന് നിലവിൽ സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ പാർട്ടിയുടെ ഭാരവാഹിത്വമില്ല. ഇതിനിടെയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. നിലവിൽ എറണാകുളത്തു നടക്കുന്ന കോർ കമ്മിറ്റിയിൽ അൽഫോൺസ് കണ്ണന്താനം പങ്കെടുക്കുന്നുണ്ട്.

ഇപ്പോൾ കേരളത്തിൽ ബിജെപി ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ശ്രമിക്കുകയും ന്യൂനപക്ഷങ്ങൾക്കൊപ്പമാണ് പാർട്ടി എന്ന സന്ദേശം നൽകാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അൽഫോൺസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *