ജയിൽ ഭക്ഷണം വേണ്ട: ആര്യൻ ഖാന് ഭക്ഷണം വാങ്ങാന്‍ ജയിലിലേക്ക് മണിഓര്‍ഡര്‍ അയച്ച് ഷാറുഖും കുടുംബവും
മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് മണി ഓർഡർ അയച്ചുകൊടുത്ത് ഷാറുഖും കുടുംബവും. ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് ജയിൽ കന്റീനിൽനിന്ന് ഭക്ഷണം വാങ്ങാനാണ് ജയിലിലേയ്ക്ക് അയയ്ക്കാൻ സാധിക്കുന്ന ഏറ്റവും കൂടിയ തുകയായ 4,500 രൂപ അയച്ച് നൽകിയത്. കുടുംബവുമായി വിഡിയോ കോളിൽ അൽപ്പനേരം സംസാരിക്കാനും ആര്യൻ ഖാന് അവസരം നൽകി.
അതേസമയം, ആര്യൻ ഖാന് ജയിലിലെ ഭക്ഷണം മാത്രമേ അനുവദിക്കൂവെന്നും വീട്ടിൽനിന്നോ പുറത്തുനിന്നോ ഉള്ള ഭക്ഷണം അനുവദിക്കില്ലെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. വ്യാഴാഴ്ച നാലാം തവണയും ജാമ്യം നിഷേധിച്ചതോടെ ആര്യൻ ഖാനെ വീണ്ടും ജയിലിലേയ്ക്ക് അയയ്ക്കുകയായിരുന്നു. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയതിനാൽ സാധാരണ തടവുകാരെ പാർപ്പിക്കുന്ന സെല്ലിലേക്ക് ആര്യൻ ഖാനെ മാറ്റിയിരുന്നു.