‘മതം കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ 2024 ഇലക്ഷനിൽ പാഠം പഠിപ്പിക്കണം’ ലീഗ് സമ്മേളനത്തിൽ മലയാളത്തിൽ സ്റ്റാലിൻ
മുസ്ലിം ലീഗ് സമ്മേളനത്തിൽ മലയാളത്തിൽ പ്രസംഗിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുസ്ലിം ലീഗ് വിളിച്ചാൽ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ലെന്നും ഇനിയും വിളിച്ചാലും സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്നും അദ്ദേഹം തമിഴിൽ പറഞ്ഞപ്പോൾ പ്രസംഗത്തിന്റെ അവസാനമാണ് അദ്ദേഹം മലയാളത്തിൽ സദസ്സിനോട് സംവദിച്ചത്.
‘മതം കൊണ്ട് നമുക്കിടയിൽ വെറുപ്പ് പടർത്താൻ നോക്കുന്നവരുണ്ട്. 2024 ലെ ഇലക്ഷൻ അവരെ പാഠം പഠിപ്പിക്കാനുള്ള അവസരമാണ്. 2024 ജയിക്കാൻ നമ്മൾ ഒരുമിച്ച് നിൽക്കണം. അതാണ് നമുക്ക് വിജയിക്കാനുള്ള മാർഗം. ഈ ആശയം ഇന്ത്യ മുഴുവൻ എത്തിക്കണം. നമുക്ക് ഒരമുച്ച് നിൽക്കാം, നമുക്ക് ജയിക്കാം’- എം.കെ സ്റ്റാലിൻ പറഞ്ഞു.
ചെന്നൈയിൽ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ വന്നിരിക്കുന്നത് നിങ്ങളിൽ ഒരുവനായിട്ടാണ്. നമ്മുടെ സമ്മേളനത്തിനാണ്. ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ച നേതാക്കൾക്ക് നന്ദി. കലൈഞ്ജറെയും അണ്ണാ അവർകളെയും വളർത്തിയത് ഇസ്ലാമിക സമൂഹമാണ്. ഈ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി കേരളത്തിൽനിന്ന് വന്ന പ്രിയപ്പെട്ട മലയാളികൾക്ക് എന്റെ വണക്കം’- സ്റ്റാലിൻ തമിഴിൽ പറഞ്ഞു.
ഈ സമ്മേളനം ചില രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചത് കേട്ടു. അതിൽ പറഞ്ഞ കാര്യങ്ങൾ ആവുന്നതും ചെയ്യാൻ ശ്രമിക്കും. ന്യായമായ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്ന് താൻ ഈ അവസരത്തിൽ വാഗ്ദാനം ചെയ്യുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.