തൃശൂരില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്: രണ്ട് പേര്‍ അറസ്റ്റില്‍
തൃശൂര്‍ ചേര്‍പ്പ് ചിറയ്ക്കലില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊലപാതകികള്‍ക്ക് ഒളിക്കാന്‍ അവസരം നല്‍കിയ രണ്ട് പേരാണ് പിടിയില്‍ ആയത്. അതേസമയം സഹറിനെ ആക്രമിച്ചവര്‍ ഇപ്പോഴും ഒളിവിലാണ്.
ചേര്‍പ്പ് ചിറക്കല്‍ കോട്ടം ഇല്ലാത്ത ഷംസുദ്ദീന്റെ മകന്‍ സഹറിനെ കൊലപ്പെടുത്തിയ കേസില്‍ ആണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികളില്‍ ഒരാളായ അമീറിനെ രക്ഷപ്പെടുത്താന്‍ സഹായിച്ച ചേര്‍പ്പ് സ്വദേശികളായ സുഹൈല്‍, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഇനി എട്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. ചിറയ്ക്കല്‍ കോട്ടം നിവാസികളായ രാഹുല്‍, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുണ്‍, എട്ടുമന സ്വദേശി ജിഞ്ചു ജയന്‍, ചിറയ്ക്കല്‍ സ്വദേശി അമീര്‍ എന്നിവരാണ് സഹറിനെ ആക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെ പിന്‍ബലത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ പ്രത്യേക സംഘത്തെ റൂറല്‍ ടു ഐശ്വര്യ ദോങ്‌റെ അന്വേഷണത്തിന് നിയോഗിച്ചു. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ തിരുവാണിക്കാവ് ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം പോലീസ് അന്വേഷണത്തിലെ വീഴ്ചയാണെന്ന് കുടുംബം ആരോപിച്ചിരുന്നു.