ക്രിസ്മസ് ആശംസകൾ കൈമാറുന്നത് ഇസ്ലാമിൽ വിലക്കിയിട്ടില്ല’; മുസ്ലിം വേൾഡ് ലീഗ് മേധാവി
ക്രിസ്മസ് ആശംസകൾ കൈമാറുന്നതിൽ നിന്ന് മുസ്ലിം മത വിശ്വാസികളെ ഇസ്ലാം വിലക്കിയിട്ടില്ലെന്ന് മുസ്ലിം വേൾഡ് ലീഗ് മേധാവി. ക്രിസ്ത്യാനികൾക്ക് ആശംസകൾ അറിയിക്കുന്നതിൽ നിന്ന് മുസ്ലീങ്ങളെ വിലക്കുന്ന ഒരു വാചകവും ശരിയത്ത് നിയമത്തിൽ ഇല്ലെന്നും ഷെയ്ഖ് ഡോ. മുഹമ്മദ് അൽ-ഇസ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് മുസ്ലിം വേൾഡ് ലീഗ് മേധാവി പ്രസ്താവന നടത്തിയതെന്ന് ‘അറബ് ന്യൂസ്’ റിപ്പോർട്ടിൽ പറയുന്നു.
മറ്റ് മതസ്ഥരുടെ വിശേഷ ദിവസങ്ങളിൽ ആശംസകൾ കൈമാറുന്നത് സംബന്ധിച്ച് ഫത്‌വകൾ പുറപ്പെടുവിച്ചത് ഇസ്ലാമിക ലോകത്തെ മുതിർന്ന പണ്ഡിതന്മാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ശരിയത്ത് നിയമശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും എതിർപ്പ് പ്രകടിപ്പിക്കുന്നത് അനുവദനീയമല്ലെന്നും ഷെയ്ഖ് ഡോ. മുഹമ്മദ് അൽ-ഇസ പറഞ്ഞു. വിഷയത്തെ അടിസ്ഥാനമാക്കിയാണ് എതിർപ്പ് അറിയിക്കേണ്ടത്, അനുമാനങ്ങൾക്ക് അനുസരിച്ചല്ല എതിർക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അത്തരം ആശംസകൾ നിരോധിക്കുന്ന ഒരു മതഗ്രന്ഥവും ഇല്ലെന്നും ഒരു മുസ്ലീം മറ്റൊരു അമുസ്‌ലിമിനെ അഭിവാദ്യം ചെയ്യുമ്പോൾ, അവൻ മറ്റൊരു വിശ്വാസത്തെ അംഗീകരിക്കുന്നു എന്നല്ല ഇതിനർത്ഥം എന്നും അൽ-ഇസ പറഞ്ഞു. ആശംസകളുടെ ഉദ്ദേശം ലോകത്ത് സഹവർത്തിത്വവും ഐക്യവും പ്രോത്സാഹിപ്പിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.