തെലങ്കാന സെക്രട്ടേറിയറ്റ് ഉദ്ഘാടനം മാറ്റിവച്ചു
പുതിയ സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി തെലങ്കാന സർക്കാർ. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. ഫെബ്രുവരി 17 ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
എംഎൽസി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. തുടർന്ന് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തി.
പിന്നാലെയാണ് പുതിയ സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവച്ചത്. മഹബൂബ്‌നഗർ-രംഗറെഡ്ഡി-ഹൈദരാബാദ് ടീച്ചേഴ്‌സ് മണ്ഡലത്തിലേക്കും ഹൈദരാബാദ് ലോക്കൽ അഥോറിറ്റീസ് മണ്ഡലത്തിലേക്കും മാർച്ച് 13 ന് വോട്ടെടുപ്പ് നടക്കും.