‘കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ഉദ്യോഗസ്ഥരെ ADM സംരക്ഷിക്കുന്നു’: കെ.യു ജെനിഷ് കുമാർ എംഎൽഎ
കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് അസിസ്റ്റന്റ് ജില്ലാ മജിസ്‌ട്രേറ്റ് സ്വീകരിക്കുന്നു എന്ന് ആരോപിച്ച കോന്നി എംഎൽഎ രംഗത്ത്. എംഎൽഎയ്ക്ക് ഓഫീസിൽ പരിശോധന നടത്താൻ അധികാരം ഉണ്ടോയെന്ന് എഡിഎം ചോദിച്ചുവെന്നും എംഎൽഎ ആരോപിച്ചു. അതേസമയം, അവധി നിയമപ്രകാരമെന്ന വിശദീകരണവുമായി തഹസിൽദാർ രംഗത്ത് വന്നു.
ജീവനക്കാരുടെ അവധിയുമായി ബന്ധപ്പെട്ട് ADM തന്നോട് അധിക്ഷേപകരമായി സംസാരിച്ചു. ഉദ്യോഗസ്ഥർ അനധികൃതമായി ജോലിയിൽ വരാത്തതിനെ കുറിച്ചല്ല മറിച്ച് ഇത് പരിശോധിക്കാൻ ആരാണ് എംഎൽഎക്ക് അധികാരം നൽകിയത് എന്നായിരുന്നു ഓഫീസിലെത്തിയ എഡിഎം അന്വേഷിച്ചതെന്ന് എംഎൽഎ ആരോപിച്ചു. തന്റെ ജോലിയാണ് താൻ ചെയ്തതെന്ന് മാധ്യമങ്ങൾ മുമ്പിൽ അദ്ദേഹം വ്യക്തമാക്കി. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും എംഎൽഎ പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
മൂന്ന് ദിവസത്തെ യാത്രയ്ക്കാണ് ജീവനക്കാർ പുറപ്പെട്ടിരുന്നത്. കോന്നി താലൂക്ക് ഓഫീസിൽ 20 ജീവനക്കാർ ലീവ് എടുക്കാതെയും 19 ജീവനക്കാർ ലീവിന് അപേക്ഷ നൽകിയും ആണ് മൂന്നാറിലേക്ക് ടൂറിന് പോയത്. വിവിധ ആവശ്യങ്ങൾക്ക് മലയോരമേഖലകളിൽ നിന്ന് ആളുകൾ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോൾ ആയിരുന്നു ജീവനക്കാരുടെ ഈ വിനോദയാത്രയ്ക്ക് പോക്ക്. കാത്തിരുന്ന ആളുകൾ കാര്യം നടക്കാതിരുന്നതോടെ ഓഫീസിൽ നിന്ന് മടങ്ങുകയും ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചിട്ടുണ്ട്.