കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട് താമരശ്ശേരി കൂടത്തായി മുടൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരനാണ് ജീവന് നഷ്ടമായത്. മലപ്പുറം അരിക്കോട് സ്വദേശി കെ.വി നിവേദ് (21) ആണ് മരിച്ചത്.മുടൂർ വളവിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
അതേസമയം, കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായി. ദീപു കുമാർ ആണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്ന സിംല എന്ന ബസിടിച്ചായിരുന്നു അപകടം നടന്നത്.
കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലായിരുന്നു അപകടം. സിഗ്നലിൽ നിന്ന് ബസ് അമിത വേഗതയിൽ മുന്നോട്ടെടുക്കുകയായിരുന്നു. തുടർന്ന് ബസ് ഇടത് വശം ചേർന്ന് പോവുകയായിരുന്ന ബൈക്കിലിടിച്ചു. ബസ്സിനടിയിലേക്ക് വീണ വൈപ്പിൻ സ്വദേശി ആൻറണി(46) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അതേസമയം സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അപകടത്തിന് കാരണമായ ബസ് ഓടിച്ചത് അശ്രദ്ധയോടെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുത്തെ മതിയാവൂ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതി തുറന്ന മുറിയിൽ കണ്ടു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞിരുന്നു.