14ന് രാജ്യവ്യാപകമായി ഒരുദിനം നീളുന്ന പ്രതിഷേധം
കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രം മുന്നോട്ടുവച്ച ഭേദഗതി നിര്‍ദ്ദേശം കര്‍ഷകര്‍ തള്ളി. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ കൂടുതൽറോഡുകൾ ഉപരോധിക്കുന്നതിനും 14 ന് രാജ്യവ്യാപകമായി ദിവസം മുഴുവൻ നീളുന്ന പ്രതിഷേധത്തിനും തീരുമാനിച്ചു. വടക്കേ ഇന്ത്യയിലെ മുഴുവൻകർഷകരും അന്ന് ഡൽഹിയിലെത്തണമെന്ന് ആഹ്വാനമുണ്ട്. മറ്റിടങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലാണ് മുഴുദിവസ പരിപാടി. നേരത്തേ നിശ്ചയിച്ചതനുസരിച്ചുള്ള സമവായ ചർച്ച ഇന്നലെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കർഷകരുടെ ഉറച്ച നിലപാടിനെ തുടർന്ന് യോഗം ഉപേക്ഷിച്ചു.
ചൊവ്വാഴ്ച ഭാരത് ബന്ദിനെ തുടർന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ വിളിച്ചുചേർത്ത ചർച്ചയിലും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും യെസ് അല്ലെങ്കിൽ നോ എന്നു തന്നെ ഉത്തരം കിട്ടണമെന്നും നേതാക്കൾ അറിയിച്ചിരുന്നു. സുപ്രധാനമായ ഭേദഗതികൾ വരുത്താമെന്നും അതുസംബന്ധിച്ച ഡിസംബര്‍ 14ന് രാജ്യവ്യാപകമായി ഒരു ദിവസം നീളുന്ന പ്രതിഷേധം, നിർദ്ദേശങ്ങൾ ബുധനാഴ്ച നല്കാമെന്നുമായിരുന്നു അമിത്ഷായുടെ നിലപാട്. ഇതനുസരിച്ച് ഇന്നലെ കേന്ദ്ര കൃഷി വകുപ്പ് ജോയിന്റ് സെക്രട്ടറി വിവേക് അഗർവാളാണ് ഭേദഗതിനിർദ്ദേശങ്ങൾ നല്കിയത്.
നാല്പതിലധികം സംഘടനകൾ പ്രക്ഷോഭരംഗത്തുണ്ടെങ്കിലും 13 സംഘടനകൾക്കുമാത്രമേ ഇതുനല്കിയതുമുള്ളൂ. താങ്ങുവില ഉറപ്പുവരുത്തുമെന്നും എപിഎംസികൾക്ക്പുറത്തുള്ള മണ്ഡികൾക്ക് രജിസ്ട്രേഷനും തീരുവയും ഏർപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാമെന്നും പരാതിപരിഹാരത്തിന് അപ്പീൽഅവസരം നല്കാമെന്നുമായിരുന്നു നിര്‍ദ്ദേശത്തിൽ പ്രധാനപ്പെട്ടത്. പഴയ നിർദ്ദേശങ്ങൾ പുതിയരൂപത്തിൽ അവതരിപ്പിക്കുക മാത്രമാണ് ഇന്നലെ ചെയ്തതെന്നായിരുന്നു 250ലധികം സംഘടനകളുടെ പൊതുവേദിയായ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രതികരണം. സര്‍ക്കാരിനു നിര്‍ബന്ധബുദ്ധിയെങ്കില്‍ തങ്ങള്‍ക്കും നിര്‍ബന്ധബുദ്ധിയാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത് വ്യക്തമാക്കി.
നിർദ്ദേശങ്ങളെ തുടർന്ന് സിംഘുവിൽ യോഗം ചേർന്ന കർഷകസംഘടനകൾ നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സർക്കാർനിർദ്ദേശം തള്ളിക്കളയുന്നുവെന്ന് ക്രാന്തികാരി കിസാൻയൂണിയൻ പ്രസിഡന്റ് ഡോ. ദർശൻപാൽ അറിയിച്ചു. ഡല്‍ഹിയുടെ അതിര്‍ത്തികളായ സിംഘു, ടിക്രി, ചില്ല, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള ഉപരോധം ശക്തമായി തുടരും. ഇവിടങ്ങളിലേക്ക് കര്‍ഷകരുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. തലസ്ഥാന നഗരിയിലേക്കുള്ള മറ്റു റോഡുകൾ ഘട്ടം ഘട്ടമായിവരും ദിവസങ്ങളിൽ ഉപരോധിക്കാനാണ് സംഘടനകളുടെ തീരുമാനം. ശനിയാഴ്ച ഡല്‍ഹി-ജയ്പൂര്‍ ഹൈവേ ഉപരോധിക്കുക, റിലയന്‍സ് മാളുകള്‍ ബഹിഷ്‌കരിക്കുക, ടോള്‍ പ്ലാസകള്‍ കയ്യേറുക, ബിജെപി ഓഫീസുകള്‍ ഘെരാവോ ചെയ്യുക തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പാകത്തിന് സമരം ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാനാണ് കര്‍ഷകരുടെ ആലോചന. കര്‍ഷകര്‍ സിംഘു അതിർത്തി കടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നകാര്യം ആലോചിക്കുകയാണെന്ന് കര്‍ഷക നേതാവ് ശിവ് കുമാര്‍ കാക്ക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.