ഭാരത് ബന്ദ് തുടങ്ങി; പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടയുന്നു, സര്‍വീസുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷികബില്ലുകള്‍ക്കെതിരേ വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് തുടങ്ങി. പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ പാളങ്ങള്‍ ഉപരോധിക്കുകയാണ്. ഇതെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പഞ്ചാബിലെ കര്‍ഷകരുടെ പ്രക്ഷോഭം കണക്കിലെടുത്ത് വടക്കന്‍ റെയില്‍വേ ഓടിക്കുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്യുമെന്ന് മേഖലയിലെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫിസര്‍മാര്‍ അറിയിച്ചു.
സപ്തംബര്‍ 24 മുതല്‍ 26 വരെയാണ് പഞ്ചാബിലും ഹരിയാനയിലും ‘റെയില്‍ റോക്കോ’ എന്ന പേരില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ 26 വരെ 14 ജോഡി ട്രെയിനുകളാണ് സര്‍വീസ് നിര്‍ത്തിയത്. യാത്രക്കാരുടെ സുരക്ഷയും റെയില്‍വേ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. ജനശതാബ്ദി എക്‌സ്പ്രസ്, ന്യൂഡല്‍ഹി- ജമ്മുതാവി തുടങ്ങിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. രാജ്യവ്യാപകമായി പ്രതിഷേധത്തിന് കര്‍ഷകര്‍ അണിനിരക്കുന്നതിനാല്‍ റെയില്‍, റോഡ് ഗതാഗതം താറുമാറാവുമെന്നാണ് വിലയിരുത്തല്‍.
04652 അമൃത്‌സര്‍- ജയ്നഗര്‍ എക്‌സ്പ്രസ് സപ്തംബര്‍ 25ന് റദ്ദാക്കി. 04651 ജയ്നഗര്‍-അമൃത്‌സര്‍ എക്‌സ്പ്രസും സപ്തംബര്‍ 27ന് റദ്ദാക്കപ്പെടും. സപ്തംബര്‍ 25 ന് ആരംഭിക്കുന്ന 02058/02057 ന്യൂഡല്‍ഹി- ഉന ഹിമാചല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ചണ്ഡിഗഡില്‍നിന്നായിരിക്കും ആരംഭിക്കുക. സപ്തംബര്‍ 24, 25, 26 തിയ്യതികളില്‍ ആരംഭിക്കേണ്ട 02904 അമൃത്‌സര്‍- മുംബൈ സെന്‍ട്രല്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് സപ്തംബര്‍ 25, 26, 27 തിയ്യതികളിലായി അംബാലയില്‍നിന്നായിരിക്കും യാത്ര ആരംഭിക്കുക.