Saturday, October 19, 2024
National

കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ; ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിംസംബര്‍ 3ന് കര്‍ഷകരുമായി ചര്‍ച്ച നടത്തും. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. പക്ഷെ, ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റണം. പ്രക്ഷോഭം നടത്താന്‍ പോലിസ് സൗകര്യം നല്‍കും. കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്രസര്‍ക്കരാന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. കര്‍ഷകര്‍ നിരങ്കരി മൈതാനത്തേക്ക് മാറണമെന്ന സര്‍ക്കാരിന്റെ ആവശ്യം മാനിച്ച് ഒരുവിഭാഗം അങ്ങോട്ടേക്ക് മാറിയിരുന്നു. എന്നാല്‍ ഒരു വലിയ വിഭാഗം കര്‍ഷകര്‍ ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ സിംഗും, തിക്രി എന്നിവിടങ്ങളില്‍ തന്നെ തുടരുകയാണ്. ജന്തര്‍ മന്തറിലോ, രാം ലീല മൈതാനത്തോ പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. അതുവരെ അതിര്‍ത്തിയില്‍ തന്നെ തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു.

ഉപാധികളോടെ ചര്‍ച്ചയാകാമെന്ന അമിത് ഷായുടെ നയം ശരിയല്ലെന്ന് ഭാരതിയ കിസാന്‍ യൂനിയന്‍ പഞ്ചാബ് പ്രസിഡന്റ് ജഗ്ജിത് സിങ് പറഞ്ഞു. തുറന്ന മനസ്സോടെയാണ് ചര്‍ച്ചയ്ക്ക് വിളിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഞായറാഴ്ച രാവിലെ തങ്ങള്‍ യോഗം വിളിച്ചിട്ടുണ്ടെന്നും അതിന് ശേഷം തീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.