ഹിമാചൽ പ്രദേശിൽ പോരാട്ടം കനക്കുന്നു; പ്രിയങ്കാ ഗാന്ധിയും ജെ.പി നദ്ദയും ഇന്ന് പ്രചാരണത്തിനെത്തും
ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം കനക്കുന്നു. പരസ്യ പ്രചാരണത്തിന് അവശേഷിക്കുന്നത് ഇനി മൂന്നു ദിവസം മാത്രമാണ്. പ്രചാരണത്തിന് ആവേശം കൂട്ടാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദയും ഇന്ന് സംസ്ഥാനത്തെത്തും. രാഹുൽ ഗാന്ധി നാളെയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. സ്വന്തം സംസ്ഥാനത്ത് തുടർഭരണത്തിനായി തീവ്ര ശ്രമത്തിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. രാംപൂർ ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ നദ്ദ ഇന്ന് പ്രചാരണം നടത്തും.
ഭരണ വിരുദ്ധ വികാരം വലിയ രീതിയിൽ പ്രതിഫലിക്കാൻ സാധ്യതയുള്ള സംസ്ഥാനത്ത് വലിയ പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും ഹിമാചലിൽ എത്തും. ഉനയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ നാളെ സംസ്ഥാനത്ത് എത്തും.
11 മണ്ഡലങ്ങളിൽ മാത്രമാണ് മത്സരിക്കുന്നത് എങ്കിലും മികച്ച പോരാട്ടം കാഴ്ച വെയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ സി.പി.ഐ എമ്മും മത്സരരംഗത്തുണ്ട്.ശക്തി തെളിയിക്കാൻ ആം ആദ്മി പാർട്ടിയും മത്സര രംഗത്തുണ്ട്.