Thursday, January 23, 2025
Kerala

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകൻ; നിർണായക വെളിപ്പെടുത്തൽ

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ആശ്രമം കത്തിച്ച സംഭവത്തിൽ തന്റെ സഹോദരന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ.

നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

2018 ഒക്ടോബർ 27-ന് പുലർച്ചെ കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ചതോടെ അദ്ദേഹത്തിനെതിരെ വ്യാപകമായ പ്രചാരണം നടക്കുകയും ഭീഷണി ഉണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ച സംഭവം ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ആശ്രമം സന്ദർശിച്ച് പ്രതികളെ പിടികൂടുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും നാല് വർഷമായിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിക്കാത്തത് സർക്കാറിനും പൊലീസിനും നാണക്കേടുണ്ടാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *