ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി
രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 38 ജില്ലകളിലായി 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. കൂടുതല്‍ മണ്ഡലങ്ങളുള്ള ജില്ലകളില്‍ പരമാവധി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. അതീവസുരക്ഷയാണു വോട്ടെണ്ണലിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 414 ഹാളുകളിലായാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ട്രെന്‍ഡ് പത്ത് മണിയോടെ ലഭ്യമാവുമെന്നാണ് കണക്കുകൂട്ടല്‍. ഓരോ മണ്ഡലത്തിലേയും ഫല സൂചനകള്‍ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. 243 നിയമസഭാ സീറ്റുകളിലേക്കായി ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയ്യതികളിലായി മൂന്നുഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നിതീഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎയും തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.