അസാധാരണ നടപടിയുമായി മദ്രാസ് ഹൈക്കോടതി; മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയതിൽ പുനഃപരിശോധന
ചെന്നൈ: തമിഴ്നാട് മന്ത്രിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിൽ, സ്വമേധയാ റിവിഷൻ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിക്കെതിരെയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശിന്‍റെ അസാധാരണ നടപടി. മന്ത്രിക്കും വിജിലൻസിനും കോടതി നോട്ടീസ് അയച്ചു.
കീഴ് കോടതി ഉത്തരവുകളിൽ പിഴവുണ്ടോയെന്ന് സ്വമേധയാ പരിശോധിക്കാൻ, ഹൈക്കോടതികൾക്ക് സിആർപിസി 397ആം വകുപ്പ് നൽകുന്ന അധികാരത്തിലൂടെയാണ്, മന്ത്രി കെ പൊന്മുടിക്കെതിരായ കേസ് രേഖകൾ ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേശ് വിളിച്ചുവരുത്തിയത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഗുരുതരവും അഴിമതി പ്രകടവുമായ കേസുകളിലൊന്നാണിതെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് വെങ്കിടേഷ്, വിജിലൻസ് അന്വേഷണം വളരെ മോശമായാണ് നടന്നതെന്നും വിമർശിച്ചു. മന്ത്രി പൊന്മുടിയും വിജിലൻസും അടുത്ത മാസം ഏഴിന് മുൻപ് വിശദീകരണം നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് രേഖകൾ ചീഫ് ജസ്റ്റിസിന് കൈമാറാനും രജിസ്ട്രിക്ക് ജസ്റ്റിസ് വെങ്കിടേഷ് നിർദേശം നൽകി. 1996ലെ കരുണാനിധി സർക്കാരിൽ ഗതാഗതമന്ത്രിയായിരിക്കെ മൂന്ന് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ജൂൺ 28നാണ് മന്ത്രിയെ വെല്ലൂർ കോടതി കുറ്റവിമുക്തനാക്കിയത്. മതിയായ തെളിവില്ലെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ.
കഴിഞ്ഞ മാസം പൊന്മുടിയുടെ വീടുകളിലെ റെയ്ഡിന് പിന്നാലെ ഇഡി മന്ത്രിയെ ചോദ്യം ചെയ്തപ്പോൾ, വെല്ലൂർ കോടതി ഉത്തരവ് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്‍റെ പ്രതിരോധം. 1989 മുതലുള്ള എല്ലാ ഡിഎംകെ സർക്കാരുകളിലും മന്ത്രിയായിട്ടുള്ള പൊന്മുടിക്കെതിരായ ഹൈക്കോടതി നടപടി, പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നതായിയിരിക്കുകയാണ്.