തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി
കൊവിഡ് വ്യാപനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് റാലികൾ തടയാൻ കഴിയാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷനാണ് കൊവിഡ് രണ്ടാംതരംഗത്തിന്റെ ഉത്തരവാദിയെന്ന് കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ചീഫ് ജസ്റ്റിസ് സജീബ് ബാനർജി പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ക്യത്യമായ പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ മെയ് 2ന് നടക്കുന്ന വോട്ടെണ്ണൽ തടയേണ്ടി വരും. പൊതുജനാരോഗ്യം പരമപ്രധാനമാണെന്ന് ഓർമപ്പെടുത്തേണ്ടത് സങ്കടകരമാണെന്നും കോടതി പറഞ്ഞു
കൊവിഡ് വ്യാപനം നടക്കാതിരിക്കാൻ എന്ത് നടപടി സ്വീകരിച്ചുവെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. വോട്ടെണ്ണൽ ദിനത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് 30ന് മുമ്പ് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.