Tuesday, January 7, 2025
National

‘ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ മുന്‍കൂര്‍ സമ്മതത്തിന് തുല്യം’; മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ അത് സമ്മതപ്രകാരമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതി. 2009-ല്‍ നടന്ന ഒരു കേസിലെ വാദം കേള്‍ക്കുമ്പോഴാണ് മധുര ബഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് ആര്‍ പൊങ്ങിയപ്പന്റേതാണ് നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. ‘പ്രതി ആദ്യമായി ലൈംഗികാതിക്രമം നടത്തിയപ്പോള്‍ ഇര ചെറുക്കാത്തത് മുന്‍കൂര്‍ സമ്മതത്തിന് തുല്യമാണ്. പെണ്‍കുട്ടി നല്‍കിയ സമ്മതം വസ്തുതാപരമായ തെറ്റിദ്ധാരണയായി കണക്കാക്കാനുമാവില്ല’- ജസ്റ്റിസ് വ്യക്തമാക്കി.

സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 21-ഉം ഇരയ്ക്ക് 19-ഉം വയസായിരുന്നു പ്രായം. ഒരു വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. അതിനിടെയാണ് യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. അതിനുശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി അകന്നു. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിനെതിരെ പരാതി നല്‍കുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. 2016-ല്‍ കീഴ് കോടതി യുവാവിനെ 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

ഈ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യുവാവിന്‍റെ അപ്പീലില്‍ വാദം കേട്ട ഹൈക്കോടതി ശിക്ഷ റദ്ദാക്കാന്‍ ഉത്തരവിട്ടു. അതിനിടെയാണ് ജസ്റ്റിസ് പൊങ്ങിയപ്പൻ ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. ഇരയും പ്രതിയും പ്രണയത്തിലായിരുന്നു. പ്രതി അവളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ശാരീരിക ബന്ധം തുടര്‍ന്നു, കോടതി ചൂണ്ടിക്കാട്ടി.

യുവതി പരാതി നല്‍കിയത് ലൈംഗിക പീഡനം നടന്ന് രണ്ടു മാസത്തിനു ശേഷമാണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *