അസാധാരണ നടപടിയുമായി ഹൈക്കോടതി; അഡ്വ. സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചു
അസാധാരണ നടപടിയുമായി ഹൈക്കോടതി. അഡ്വക്കേറ്റ് സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ച് വിളിച്ചു. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. നോട്ടിസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.
അനുകൂല വിധി വാങ്ങി നൽകാം എന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ അസാധാരണ നടപടി.
റാന്നി പൊലീസ് എടുത്ത കേസിൽ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നീവർക്ക് ജാമ്യം നൽകിയത് ഇരയായ തന്ടെ വാദം കേൾക്കാതെ ആണെന്നായിരുന്നു പരാതി. പ്രതികൾക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂർ ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടിസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും കോടതി അറിയിച്ചു.
തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ 2022 ഏപ്രിൽ 29 ൽ താൻ പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിച്ചത്. പ്രതികളുടെ ജാമ്യ ഹർജി വന്നതിന് പിന്നാലെ വാദി ഭാഗത്തിന് നോട്ടീസ് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ് എച്ച് ഒയ്ക്ക് ആയിരുന്നു നിർദേശം. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ഇരയുടെ വാദത്തിനായി അഭിഭാഷകർ ഉണ്ടായിരുന്നില്ല. കോടതി ഇക്കാര്യം ആരാഞ്ഞപ്പോൾ നോട്ടിസ് നൽകിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. എന്നാൽ നോട്ടിസ് നൽകിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യമായി. തുടർന്നാണ് CRPC 482 പ്രകാരം മുൻ ഉത്തരവ് തിരിച്ചു വിളിക്കുന്നതായി ജസ്റ്റ്. സിയാദ് റഹ്മാൻ അറിയിച്ചത്.