Saturday, April 12, 2025
National

സൗജന്യമായി പെട്രോളും ഡീസലും നൽകുമെന്ന് പറയുന്നവർ രാഷ്ട്രീയ സ്വാർത്ഥതയുള്ളവർ; പ്രധാനമന്ത്രി

കോൺഗ്രസിന്റ കറുപ്പ് വസ്ത്രമണിഞ്ഞ പ്രതിഷേധത്തിനെതിരെയും ആം ആദ്മി പാർട്ടിക്കെതിരെയും രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ പാനിപ്പത്തിലെ 2ജി എഥനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സ്വാർത്ഥതയുള്ളവർ സൗജന്യമായി പെട്രോളും ഡീസലും പ്രഖ്യാപിക്കുമെന്നായിരുന്നു ആം ആദ്മി പാർട്ടിക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ വിമർശനം. സൗജന്യങ്ങൾ വരുംതലമുറയുടെ അവകാശങ്ങൾ കവർന്നെടുക്കും. രാജ്യം സ്വാശ്രയമാകുന്നതിന് സൗജന്യങ്ങൾ തടസമാണ്. സൗജന്യങ്ങൾ രാജ്യത്തെ നികുതിദായകരുടെ മേലുള്ള ഭാരം വർദ്ധിപ്പിക്കും.

കറുത്ത വസ്ത്രം ധരിക്കുന്നതിലൂടെ തങ്ങളുടെ കഷ്ടകാലം തീരുമെന്ന് ചിലർ കരുതുകയാണെന്നായിരുന്നു കോൺ​ഗ്രസിനെതിരായ വിമർശനം. മന്ത്രവാദത്തിൽ വിശ്വസിക്കുന്നവർക്ക് ജനങ്ങളുടെ വിശ്വാസം ആർജിക്കാനാകില്ല. നിരാശയിലും നിഷേധാത്മകതയിലും മുഴുകി ചിലർ മന്ത്രവാദത്തിനു പുറകെ പോകുകയാണ്. മന്ത്രവാദം പ്രചരിപ്പിക്കാനുള്ള ശ്രമം ആഗസ്ത് അഞ്ചിന് കണ്ടെന്നും മോദി വിമർശിച്ചു.

വൈക്കോൽ കർഷകരുടെ പ്രധാന വരുമാന സ്രോതസ്സായി മാറും. ഹരിയാനയിലെ മലിനീകരണം കുറയ്ക്കാൻ പദ്ധതി സഹായിക്കും. വൈക്കോൽ കത്തിക്കുന്നത് കൊണ്ടുള്ള മലിനീകരണ പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരമാകാൻ പദ്ധതിക്ക് കഴിയുമെന്നും മോദി വ്യക്തമാക്കി. 900 കോടി രൂപയുടെ പദ്ധതിയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *