‘ജനാധിപത്യത്തിൽ പ്രതിപക്ഷത്തെ ബഹുമാനിക്കണം’; പ്രധാനമന്ത്രിയോട് അശോക് ഗെലോട്ട്
ജനാധിപത്യത്തിൽ പ്രതിപക്ഷത്തെ ബഹുമാനിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇത് ബാധകമാണ്. പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോയാൽ മാത്രമേ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കൂടുതൽ ഊർജസ്വലതയോടെ രാജ്യത്തെ സേവിക്കാനാകൂ എന്നും ഗെലോട്ട് പറഞ്ഞു.
രാജസ്ഥാനിൽ 5,500 കോടി രൂപ ചെലവ് വരുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ചടങ്ങിൽ മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഗെലോട്ടിന്റെ പ്രതികരണം. പ്രതിപക്ഷത്തെ ബഹുമാനിക്കണം, പ്രധാനമന്ത്രിയും ഈ ദിശയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ രാജ്യം വേഗത്തിൽ മുന്നേറുമെന്നും ഗെലോട്ട് വ്യക്തമാക്കി.
രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലെ നാഥ്‌ദ്വാര ടൗണിലെ ശ്രീനാഥ്‌ജി ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി വികസന പദ്ധതികൾ ആരംഭിക്കുന്ന വേദിയിലെത്തിയത്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നതിലാണ് പദ്ധതികളുടെ ശ്രദ്ധ.