അദാനി വിഷയം; കോൺഗ്രസിൽ ഭിന്നതയില്ലെന്ന് അശോക് ഗെലോട്ട്
വ്യവസായി ഗൗതം അദാനിയുടെ നിക്ഷേ വാഗ്ദാനത്തിൽ കോൺഗ്രസിൽ ഭിന്നതയില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. വിഷയത്തിൽ ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് ദിവസത്തെ ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടിയിൽ അദാനിയുമായി വേദി പങ്കിട്ടതു മുതൽ ഗെഹ്‌ലോട്ടിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
സംസ്ഥാന വികസനത്തിന് നിക്ഷേപം നടത്താൻ തയ്യാറാകുന്നവരെ സ്വീകരിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. സാമ്പത്തിക മുന്നേറ്റം, യുവാക്കൾക്ക് തൊഴിൽ, സമഗ്ര വികസനം എന്നിവ തടയാൻ ഏതൊരു സർക്കാരിനും കഴിയില്ല. ഈ വിഷയത്തിൽ ജനങ്ങളെ കബളിപ്പിച്ചതിന് ബിജെപി വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഗൗതം അദാനി 60,000 കോടി രൂപയുടെ നിക്ഷേപത്തെ കുറിച്ച് സംസാരിച്ചു. അതൊരു പ്രശ്നമാക്കി മാറ്റി, ബിജെപി നേതാക്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. വലിയ വില നൽകേണ്ടിവരും” മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി നിരന്തരം വിമർശനം ഉന്നയിക്കുന്ന ഒരു വ്യവസായിയിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് എന്തിനാണെന്ന് ബി.ജെ.പി ചോദിക്കുന്നു. നേരത്തെ രാഹുൽ ഗാന്ധി ഗെഹ്‌ലോട്ടിനെ പിന്തുണച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഒരു മുഖ്യമന്ത്രിക്കും വമ്പൻ വാഗ്ദാനം നിരസിക്കാനാവില്ലെന്നും, അത്തരം ബിസിനസ് നിരസിക്കുന്നത് ശരിയല്ലെന്നും രാഹുൽ പറഞ്ഞു. രാജസ്ഥാന്‍ സർക്കാർ യാതൊരു പ്രത്യേക പരിഗണനയും അദാനി ഗ്രൂപ്പിന് നല്‍കിയിട്ടില്ല. എന്നാല്‍ ബി.ജെ.പി എന്തുകൊണ്ടാണ് രണ്ടോ മൂന്നോ വ്യവസായികള്‍ക്ക് മാത്രം കുത്തകാവകാശം നല്‍കുന്നതെന്നും രാഹുൽ ചോദിച്ചു.