നേതാക്കളുടെ ക്രിസ്ത്യന്‍ ദേവാലയ സന്ദര്‍ശനം: ബിജെപി കളിയ്ക്കുന്നത് അപകടകരമായ കളിയെന്ന് സുഭാഷിണി അലി
ബിജെപി നേതാക്കളുടെ ക്രിസ്ത്യന്‍ ദേവാലയ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പിബി അംഗം സുഭാഷിണി അലി. ബിജെപി കളിയ്ക്കുന്നത് അപകടകരമായ കളിയാണെന്ന് സുഭാഷിണി അലി വിമര്‍ശിച്ചു. ക്രിസ്ത്യന്‍ വിഭാഗം കൂടുതലുള്ള കേരളം അടക്കമുള്ള ഇടങ്ങളില്‍ ബീഫ് കഴിക്കുന്നത് പ്രശ്‌നമല്ലെന്ന് ബിജെപി പറയുന്നു. മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. എന്നാല്‍ ക്രിസ്ത്യന്‍ വിഭാഗം കുറവുള്ള മേഖലകളില്‍ അവര്‍ ആക്രമിക്കപ്പെടുകയുമാണെന്ന് സുഭാഷിണി അലി പറഞ്ഞു. സാഹചര്യമനുസരിച്ച് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ബിജെപി ഉപയോഗിക്കുന്നത് വ്യത്യസ്ത തന്ത്രങ്ങളാണ്.റബ്ബര്‍ വില കൂട്ടിയാല്‍ ബിജെപിക്ക് ഒരു സീറ്റ് നല്‍കാമെന്ന തലശേരി ബിഷപ്പിന്റെ പ്രസ്താവന അംഗീകരിക്കാന്‍ ആകില്ല. വോട്ട് കച്ചവടത്തിന് ഉള്ളതാണെന്ന് പറയുന്നതിന് സമാനമാണ് ഈ പ്രസ്താവനയെന്നും സുഭാഷിണി അലി ആഞ്ഞടിച്ചു.
അതേസമയം, പ്രധാനമന്ത്രി ഡല്‍ഹിയിലെ കത്തീഡ്രല്‍ സന്ദര്‍ശിച്ച സംഭവത്തെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തി. പ്രധാന മന്ത്രിമാരുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സന്ദര്‍ശനം. ബിജെപി അനുകൂല പ്രസ്താവനകള്‍ ക്രിസ്ത്യന്‍ മത മേധാവികളുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി കാണണം. മറ്റ് സംസ്ഥാനങ്ങളില്‍ ഈ വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചതും കേരളത്തിലെ ബിഷപ്പ് ഹൗസുകളിലും ക്രൈസ്തവരുടെ വീടുകളിലും ബിജെപി നേതാക്കള്‍ നടത്തിയ സന്ദര്‍ശനവും വെറും പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും അഭിപ്രായപ്പെട്ടു.