രാമനവമി പതാകയിൽ മാംസക്കഷ്ണം കെട്ടിവച്ചു; മതവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, നിരോധനാജ്ഞ
രാമനവമി പതാകയിൽ അജ്ഞാതർ മാംസക്കഷ്ണം കെട്ടിവച്ചതുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിലെ ജംഷഡ്പൂരിൽ മതവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. അക്രമകാരികൾ വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു. ജംഷഡ്പൂരിലെ ശാസ്ത്രിനഗറിൽ 144 പ്രഖ്യാപിച്ചു. ഇവിടെ ഇൻ്റർനെറ്റും വിഛേദിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. രാമനവമി ദിനത്തിൽ ഉയർത്തിയ പതാകയിൽ അജ്ഞാതർ മാംസക്കഷ്ണം കെട്ടിവച്ചത് ചിലർ കണ്ടെത്തിയതിനെ തുടർന്ന് അതിക്രമ സംഭവങ്ങൾ തുടങ്ങുകയായിരുന്നു. രണ്ട് കടകളും ഒരു ഓട്ടോറിക്ഷയും അക്രമകാരികൾ തകർത്തു. ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ചിലരെ കസ്റ്റഡിയിലെടുത്തു എന്നും പൊലീസ് അറിയിച്ചു.