Tuesday, January 7, 2025
National

ഹരിയാനയിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം; നമസ്‌കരിക്കാനെത്തിയവരെ ജനക്കൂട്ടം മർദിച്ചു

ഹരിയാനയിലെ സോനിപത്തിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം. ആയുധധാരികളായ ജനക്കൂട്ടം മസ്ജിദ് തകർക്കുകയും നമസ്‌കരിക്കാനെത്തിയവരെ മർദിക്കുകയും ചെയ്തു. സോനിപത്തിലെ സന്ദൽ കലൻ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ആക്രമണത്തിൽ ഒമ്പതോളം പേർക്ക് പരിക്കേറ്റതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഗ്രാമത്തിലെ ഒരു ചെറിയ പള്ളിയിൽ റമദാൻ പ്രാർത്ഥനയ്ക്കിടെ ആയുധധാരികളായ 20 പേർ ആക്രമണം നടത്തുകയായിരുന്നു. അക്രമികൾ മുളവടികൾ വഹിച്ചു നടക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സന്ദൽ കലൻ ഗ്രാമത്തിൽ നിന്നുള്ളവരാണ് അക്രമികളെന്നാണ് സൂചന. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ആക്രമണത്തിൽ പരിക്കേറ്റവരെ സോനിപത് സിവിൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ 19 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സംഘർഷം ഒഴിവാക്കാൻ ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *