കൗ ഹഗ് ഡേ പിൻവലിച്ച് കേന്ദ്രം
പ്രണയദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള സർക്കുലർ പിൻവലിച്ച് കേന്ദ്രം. കേന്ദ്ര മൃഗക്ഷേമ ബോര്ഡന്റെയാണ് തീരുമാനം. 2023 ഫെബ്രുവരി 14-ന് പശു ആലിംഗന ദിനം ആചരിക്കുന്നതിനായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നൽകിയ സർക്കുലറാണ് ഇന്ന് പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കോംപിറ്റന്റ് അതോറിറ്റിയുടെയും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെയും നിർദ്ദേശപ്രകാരം സർക്കുലർ പിൻവലിക്കുന്നതെന്ന് കേന്ദ്ര മൃഗക്ഷേമ ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
ജനുവരി ആറിനാണ് പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് പുറത്ത് വന്നത്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇതിനിടെ കൗ ഹഗ് ഡേ ഉത്തരവിനെ അനുകൂലിച്ച് ഉത്തർപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി രംഗത്തെത്തിയിരുന്നു. പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി പി നിയന്ത്രിക്കുമെന്ന് ധരംപാൽ സിങ് പറഞ്ഞത് വിവാദമായിരുന്നു.